നിലവിലെ സ്ഥിതി വീണ്ടും തുടര്‍ന്നാല്‍ ഏഴു ദിവസത്തിനകം ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരും; മന്ത്രി എം.എം മണി

തൊടുപുഴ: ജല നിരപ്പ് ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതി വീണ്ടും തുടര്‍ന്നാല്‍ ഏഴു ദിവസത്തിനകം ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പക്ഷേ അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ നെടുമ്പാശ്ശേരി, കൊച്ചി മേഖലകളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ഷട്ടറുകള്‍ തുറക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പെരിയാര്‍ നിറഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ അണക്കെട്ടു തുറക്കുകകൂടി ചെയ്യുന്നത് താണ പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനിടയാക്കും. അണക്കെട്ട് തുറക്കുമ്പോള്‍ വെള്ളം ഒഴുകിപ്പോകേണ്ട പ്രദേശങ്ങള്‍ പലതും ഇന്ന് ആള്‍ത്താമസമുള്ള മേഖലയാണ്. അതിനാല്‍ ഏറ്റവും ഒടുവിലത്തെ മാര്‍ഗം എന്ന നിലയിലാവും അണക്കെട്ട് തുറക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും പ്രതിദിനം 50 ദശലക്ഷം യൂണിറ്റിന് മുകളില്‍ വൈദ്യുതിക്കായുള്ള വെള്ളമാണ് അങ്ങോട്ട് ഒഴുകിയെത്തുന്നത്. മൂലമറ്റം പവര്‍ ഹൗസില്‍ ഇപ്പോള്‍ സാധ്യമായ പരമാവധി ഉല്‍പാദന ശേഷി 14.4 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. അഞ്ച് ജനറേറ്ററുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാണ് ഉല്‍പാദനം നടത്തുന്നത്. എന്നാല്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം പവര്‍ ഹൗസിന്റെ ശേഷിയുടെ നാലിരട്ടിയാണ്. ഈ നില തുടര്‍ന്നാല്‍ ആറ്, ഏഴ് ദിവസത്തിനുള്ളില്‍ അണക്കെട്ട് തുറക്കേണ്ടിവരുമെന്നാണ് മന്ത്രി പറയുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ അണക്കെട്ടിലെ ജലനിരപ്പ് 2391.25 അടിയിലെത്തിയിരുന്നു. 2403 അടിയാണ് (സമുദ്രനിരപ്പില്‍നിന്നുള്ള ഉയരം) സംഭരണ ശേഷിയെങ്കിലും 2400ല്‍ എത്തിയാല്‍ വെള്ളം പെരിയാറിലേക്കൊഴുക്കേണ്ടിവരും. നേരത്തെ അണക്കെട്ടിലെ ജലനിരപ്പ് ഒമ്പത് അടികൂടി ഉയര്‍ന്നാല്‍ ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കേണ്ടിവരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച ഡാമിന്റെ വൃഷ്ടിപ്രദേശത്ത് 5.43 സെന്റീമീറ്റര്‍ മഴ ലഭിച്ചു. 59.8 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഒഴുകിയെത്തി. നിലവില്‍ 1831 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം ശേഖരിച്ചിട്ടുണ്ട്. പത്തുമണിക്കൂര്‍കൊണ്ട് ഒരടി വെള്ളമാണ് ഉയര്‍ന്നത്.

ചെറുതോണി, ഇടുക്കി ആര്‍ച്ച് ഡാം, കുളമാവ് ഡാം എന്നിവയാണ് ഇടുക്കി സംഭരണിയുടെ പരിധിയിലുള്ളത്. ഇതില്‍ ചെറുതോണിയില്‍നിന്ന് മാത്രമാണ് വെള്ളം തുറന്നുവിടാനാവുക. ചെറുതോണി പുഴയിലൂടെ രണ്ട് കിലോമീറ്റര്‍ ഒഴുകി വെള്ളക്കയം ഭാഗത്ത് പെരിയാറില്‍ ചേരും. ഇടുക്കി, എറണാകുളം ജില്ലകളിലേക്കാണ് വെള്ളമെത്തുക. പെരിയാര്‍ തീരത്ത് നിന്ന് 120 കിലോമീറ്റര്‍ ദൂരത്തില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കാന്‍ ഡാം സുരക്ഷാവിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ രണ്ടു ജില്ലാകളക്ടര്‍മാര്‍ക്കും വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. 1991 ഒക്ടോബറിലാണ് ഡാം അവസാനമായി തുറന്നത്.

Similar Articles

Comments

Advertismentspot_img

Most Popular