ലാഹോര്‍: പാകിസ്താന്‍ പൊതുതിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീക്-ഇ- ഇന്‍സാഫ് (പിടിഐ) സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്നു. 272 സീറ്റില്‍ 76 സീറ്റകള്‍ നേടിയ പാര്‍ട്ടി 43 സീറ്റുകളില്‍ വന്‍ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലീംലീഗിന് 43 സീറ്റുകളേ നേടാനായുള്ളൂ. 20 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം നിലനില്‍ക്കുന്നുണ്ട്. 137 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാം.
കോടതിയുടെ സഹായത്തോടെ സൈന്യം അട്ടിമറിച്ചതാണെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി അധികാരത്തില്‍ വരുന്നത്. സൈന്യത്തെ പ്രീതിപ്പെടുത്തിയും അല്പം തീവ്രനിലപാടുകള്‍ സ്വീകരിച്ചുമാണ് ഇമ്രാന്‍ ഖാന്റെ വളര്‍ച്ച എന്നത് ശ്രദ്ധേയമാണ്.
ജനാധിപത്യത്തെ അട്ടിമറിക്കുന്ന സൈനിക മുന്നേറ്റങ്ങള്‍ പാകിസ്താന്‍ എന്ന രാഷ്ട്രത്തിന് ചിരപരിചിതമാണെന്നിരിക്കെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര ഇമ്രാന് സുഗമവും ജനാധിപത്യവാദികള്‍ക്ക് ആശങ്കാജനകവുമാണ്. അതേസമയം അതിര്‍ത്തിയിലെ സംഭവവികാസങ്ങളെ ഇന്ത്യ അതീവ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്.