മോഹന്‍ലാലിനെതിരായ ഭീമഹര്‍ജിയ്ക്ക് പിന്നില്‍ ചിലരുടെ രാഷ്ട്രീയ താല്‍പര്യം; ചടങ്ങിലേക്ക് മോഹന്‍ലാലിനെ വിളിക്കാന്‍ തീരുമാനിച്ചാല്‍ ഒപ്പം നില്‍ക്കുമെന്ന് കമല്‍

സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണ ചടങ്ങിലേക്ക് മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ച സംഭവത്തെ ചൊല്ലിയുള്ള വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ചിലരുടെ രാഷ്ട്രീയ താല്‍പര്യമാണു മോഹന്‍ലാലിനെതിരായ ഭീമഹര്‍ജിക്കു കാരണമെന്നു കമല്‍ വ്യക്തമാക്കി. മോഹന്‍ലാലിനെ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങിലേക്കു വിളിക്കാന്‍ തീരുമാനിച്ചാല്‍ ഒപ്പം നില്‍ക്കും. തീരുമാനമെടുക്കേണ്ടതു മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരുമാണെന്നും കമല്‍ പറഞ്ഞു. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കമല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണ ചടങ്ങിലേക്കുള്ള മുഖ്യാതിഥിയെചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് ഔദ്യോഗീക വിശദീകരണവുമായി മന്ത്രി എ.കെ ബാലന്‍ ഇന്നു രംഗത്തെത്തിയിരുന്നു. നടന്‍ മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ മറുപടി.

മോഹന്‍ലാലിലെ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകരടക്കം 107 പേര്‍ മന്ത്രിക്ക് ഭീമ ഹര്‍ജി നല്‍കിയിരുന്നു. മോഹന്‍ലാലിനെ പരിപാടിയിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നും വിവാദം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം ഇതുവരെ കിട്ടിയിട്ടില്ലെന്നും അതുകൊണ്ടു തന്നെ അറിയാത്ത കാര്യത്തെക്കുറിച്ചു എങ്ങിനെയാണു അഭിപ്രായം പറയുകയെന്നും മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു.

അതേസമയം താന്‍ ഹര്‍ജിയില്‍ ഒപ്പിട്ടിട്ടില്ലെന്നും ഇതിനായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ‘മോഹന്‍ലാല്‍ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹം ഒരു പ്രതിഭയും മുതിര്‍ന്ന നടനുമാണ്. അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ എനിക്ക് കഴിയില്ല. ദിലീപ് വിഷയത്തില്‍ ഞാന്‍ സംഘടനയ്‌ക്കെതിരെയാണ്. പക്ഷേ, അതും ഇതും തമ്മില്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല. ഞാന്‍ ലാലിന്റെ കൂടെ നില്‍ക്കുന്നു.!’പ്രകാശ് രാജ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7