അഭിമന്യുവിന്റെ കുടുംബത്തിന് കൊട്ടക്കാമ്പൂരില്‍ സി.പി.ഐ.എം വീട് വെച്ചു നല്‍കും; ഈ മാസം 23ന് കോടിയേരി തറക്കല്ലിടും

എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കൊലക്കത്തിക്ക് ഇരയായ എറണാകുളം മഹാരാജാസ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിന്റെ കുടുംബത്തിന് സിപിഎം വാങ്ങി നല്‍കിയ ഭൂമിയില്‍ വിടൊരുങ്ങുന്നു. പാര്‍ട്ടി വാങ്ങിയ 10 സെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടല്‍ ഈ മാസം 23ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിക്കും. 23ന് രാവിലെ 11 മണിക്കാണ് തറക്കല്ലിടല്‍ ചടങ്ങ്.

ഇടുക്കി വട്ടവടയിലെ ദരിദ്ര കര്‍ഷക കുടുംബത്തിന്റെയും, ആ ഗ്രാമത്തിന്റെയും പ്രതീക്ഷയായി മഹാരാസിലെത്തിയ അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിന്നുള്ള ഞെട്ടലില്‍ നിന്ന് വട്ടവട ഗ്രാമം മോചിതരായിട്ടില്ല. സംഭവത്തില്‍ തകര്‍ന്നു പോയ അഭിമന്യുവിന്റെ കുടുംബത്തിന്റെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കുകയായിരുന്നു. സിപിഎമ്മിന്റെ എറണാകുളം, ഇടുക്കി ജില്ലാ കമ്മിറ്റികള്‍ ഹുണ്ടിക പിരിവിലൂടെ സമാഹരിച്ച തുകകൊണ്ട് കൊട്ടക്കാമ്പൂരില്‍ വാങ്ങിയ സ്ഥലത്താണ് വീട് നിര്‍മാണം.

മന്ത്രി എം എം മണി, ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, എസ്എഫ്‌ഐ നേതാക്കളായ സച്ചിന്‍ദേവ്, വി എ ബിനീഷ്, എസ് രാജേന്ദ്രന്‍ എംഎല്‍എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

അതേസമയം, അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി മുഹമ്മദിന്റെ അറസ്റ്റില്‍ സര്‍ക്കാരിനും സിപിഎമ്മിനും നന്ദി അറിയിച്ച് അഭിമന്യുവിന്റെ കുടുംബം ഇന്നലെ രംഗത്തെത്തിയിരുന്നു. കുറ്റവാളികളെ പിടിച്ചതു കൊണ്ടായില്ല, അവര്‍ക്ക് അര്‍ഹിക്കുന്ന പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയണമെന്നും അഭിമന്യുവിന്റെ അച്ഛന്‍ പറഞ്ഞു. അഭിമന്യുവിനെ ഇന്ന് കേരളത്തിലെ എത്രയോ പേര്‍ സ്വന്തം മകനായി കരുതുന്നു. അവന് ആത്മശാന്തി ലഭിക്കാന്‍ കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ മുഖ്യപ്രതി മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദ് ആണ് ഇന്നലെ പിടിയിലായത്. കൊലപാതകം നടക്കുന്ന ദിവസം രാത്രിയില്‍ അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തിയത് മുഹമ്മദ് ആണ്. ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റുകൂടിയാണ് മുഹമ്മദ്.

മുഹമ്മദിനെ പൊലീസ് ചോദ്യം ചെയ്തതില്‍ നിന്ന് അഭിമന്യുവിന്റെ കൊലപാതകത്തില്‍ 30 പേര്‍ക്ക് പങ്കുണ്ടെന്ന് സൂചന ലഭിച്ചു. കൊലയില്‍ നേരിട്ട് പങ്കെടുത്തത് 15 പേരും മറ്റുള്ളവര്‍ കൊലയുടെ ഗൂഢാലോചനയില്‍ പങ്കെടുത്തവരും കൊലയാളികളെ രക്ഷപ്പെടുത്താന്‍ സഹായിച്ചവരുമാണെന്ന് മുഹമ്മദ് മൊഴി നല്‍കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7