കൊച്ചി:നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ നസീം എന്ന താരം തിരിച്ച് സിനിമയിലേക്ക് വന്നിരിക്കയാണ്. അതും ഹിറ്റ് മേക്കര്‍ അഞ്ജലീ മേനോന്റെ തിരക്കഥയില്‍. തിരിച്ചുവരവ് മോശമായില്ല എന്നു തന്നെയാണ് പ്രേഷകരുടെ അഭിപ്രായം. ‘കൂടെ’ എന്ന ചിത്രം തിയേറ്ററുകളില്‍ തകര്‍ക്കുന്നുണ്ട്.
നസ്രിയ, ഫഹദ് ഫാസിലുമായുള്ള വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുമെന്നാണ് പലരും കരുതിയത്. ഇടയ്ക്കിടെ താരത്തിന്റെ തടി കൂടിയ ചിത്രങ്ങളും മറ്റും കാണുമ്പോള്‍ ആരാധകര്‍ക്ക് വന്‍ നിരാശയായിരുന്നു. നസ്രിയ തടി വെച്ചെന്ന് പറഞ്ഞ് ആരാധകര്‍ പരിതപിക്കുമായിരുന്നു. എന്നാല്‍ ‘അവര്‍ക്കെന്നോട് ഇഷ്ടം ഉള്ളതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ!’ എന്നാണ് താരം ഇതിന് മറുപടിയായി പറയുന്നത്.
രണ്ട് വര്‍ഷം മുന്‍പ് അഞ്ജലി മേനോന്‍ നസ്രിയയെ കണ്ടപ്പോഴും വിളിച്ചത് ഗുണ്ടുമണി എന്നായിരുന്നു, നസ്രിയ ഓര്‍ക്കുന്നു. ‘ഗുണ്ടുമണി, നമുക്കൊരു സിനിമ ചെയ്യണ്ടേ, എന്നായിരുന്നു അഞ്ജു ചേച്ചി (അഞ്ജലി മേനോന്‍) ചോദിച്ചത്. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം എന്നെ വിളിച്ച് ഈ പ്രൊജക്ടിന്റെ കാര്യം പറഞ്ഞു. ആറു മാസങ്ങള്‍ക്ക് ശേഷം നേരില്‍ കണ്ട് വിശദമായി സംസാരിച്ചു. ഇത്രയും ആഴത്തില്‍ ഞാന്‍ വായിച്ച മറ്റൊരു തിരക്കഥ ഇല്ല,’ നസ്രിയ പറഞ്ഞു.
ഈ നാല് വര്‍ഷം ‘കൂടെ’ അല്ലാതെ മറ്റ് തിരക്കഥകളൊന്നും കേട്ടില്ല. മാത്രമല്ല രണ്ടുവര്‍ഷം മാത്രമാണ് ഞാന്‍ നായികയായി നിന്നത്. അഭിനേതാവ് ആകുക എന്നത് അബദ്ധവശാല്‍ സംഭവിച്ചതാണ്. ഒരു മ്യൂസിക് വിഡിയോയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ഇപ്പോള്‍ താമസിക്കുന്ന വീട് തിരഞ്ഞെടുത്തത് അമല്‍ (ദുല്‍ഖറിന്റെ ഭാര്യ) ആണ്. ഇത്ര വര്‍ഷം കടന്നുപോയെന്ന് അറിയുന്നതുതന്നെ മറ്റുള്ളവര്‍ ‘- നസ്രിയ പറയുന്നു.
വിവാഹശേഷം തനിക്ക് മാറ്റമൊന്നും സംഭവിച്ചതായി തോന്നുന്നില്ലെന്നും നസ്രിയ പറയുന്നു. ‘തിരക്കഥ വായിക്കുന്നില്ലേ എന്നും എത്ര നാള്‍ ഇങ്ങനെ വെറുതെ ഇരിക്കുമെന്നും ഫഹദ് എന്നോട് ചോദിക്കുമായിരുന്നു. വിവാഹം കഴിഞ്ഞാല്‍ അഭിനയിക്കില്ലെന്നും അഥവാ ചെയ്താല്‍ തന്നെ റൊമാന്റിക് റോളുകള്‍ വേണ്ടെന്നുവെയ്ക്കുമെന്നുമാണ് ഇവിടുത്തെ ആളുകളുടെ ചിന്താഗതി. എന്നാല്‍ തങ്ങളുടെ കാര്യത്തില്‍ ഇങ്ങനെയൊന്നുമല്ലെന്നാണ് താരം പറയുന്നത്.
ഇതിനിടെ സിനിമയിലെ വനിതാ കൂട്ടായ്മയെക്കുറിച്ചും നസ്രിയ അഭിപ്രായം പറഞ്ഞു. സിനിമയിലെ വനിതകളെ പിന്തുണച്ചുള്ള സംഘടന നല്ലൊരു തീരുമാനമാണെന്ന് പറഞ്ഞ നസ്രിയ ഡബ്ല്യൂസിസിയുടെ തുടക്കത്തില്‍ ആരും എന്നോട് അഭിപ്രായം ചോദിച്ചിട്ടില്ല എന്ന് വ്യക്തമാക്കി. അത് ചിലപ്പോള്‍ ഫെമിനിസത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് പക്വത എത്തിയിട്ടില്ലെന്ന് തോന്നിയതുകൊണ്ടാകാം എന്നും പറയുന്നുണ്ട്. അതേസമയം, ഫെമിനിസത്തില്‍ വിശ്വസിക്കുന്നു. എല്ലാവരെയും ഒരുപോലെ പരിഗണിക്കണം എന്നാണ് തനിക്ക് പറയാനുള്ളതെന്ന് നസ്രിയ വ്യക്തമാക്കി.
‘യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയാകുന്നത്. ചില സിനിമകള്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കാറുമുണ്ട്. ഇത്തരം സിനിമകള്‍ക്കെതിരെ അതിലെ നായകനോ നായികയ്ക്കോ കൃത്യമായ നിലപാട് എടുക്കാം. ഞാന്‍ അത്തരം സംഭാഷണങ്ങള്‍ പറയില്ലെന്ന് നായകനോ നായികയ്ക്കോ പറയാം. അങ്ങനെയാണ് ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടത്.
മാത്രമല്ല ഇന്ന് സ്ത്രീകേന്ദ്രീകൃതമായ ചിത്രങ്ങള്‍ ഇറങ്ങുന്നില്ലെന്ന് പറഞ്ഞാല്‍ അത് തെറ്റാണെന്ന് ഞാന്‍ പറയും. ടേക്ക് ഓഫ്, മിലി എന്നീ സിനിമകള്‍ ഉദാഹരണം. അതില്‍ നായകന്മാരും ഭാഗമായിരുന്നു. ഫഹദ്, ചാക്കോച്ചന്‍, ആസിഫ്… ഞാന്‍ തന്നെ ഓം ശാന്തി ഓശാന എന്ന സിനമയില്‍ അഭിനയിച്ചു. ആളുകള്‍ക്ക് ഈ സിനിമകളൊക്കെ ഇഷ്ടമാകുകയും ചെയ്തു. സ്ത്രീകേന്ദ്രീകൃത സിനിമകളെ അവര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്.’- താരം കൂട്ടിച്ചേര്‍ത്തു.