അധികാരമുള്ളവന് മുന്നില്‍ ഞാന്‍ വണങ്ങും; അധികാരം നിലനിര്‍ത്താന്‍ ഞാന്‍ എന്തും ചെയ്യും… ഞാന്‍ ആരാണെന്ന് പറയാമോ? വീണ്ടും മോദിയെ ടോളി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സ്വാമി അഗ്‌നിവേശിനെ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ജാര്‍ഖണ്ഡില്‍ വെച്ച് ആക്രമിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒളിയമ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പറയാതെ പറഞ്ഞായിരുന്നു ഇത്തവണ രാഹുലിന്റെ ട്വീറ്റ്. പോപ്പ് ക്വിസ് എന്ന പേരില്‍ ചില ടിപ്സുകള്‍ നല്‍കിയായിരുന്നു രാഹുലിന്റെ ട്വീറ്റ്.

പോപ്പ് ക്വിസ്

അധികാരമുള്ളവന് മുന്നില്‍ ഞാന്‍ വണങ്ങും. ഒരു വ്യക്തിയുടെ ശക്തിയും അധികാരവും എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടി ഞാന്‍ വിദ്വേഷവും ഭയവും ഉപയോഗപ്പെടുത്തും. ഞാന്‍ ബലഹീനരെ അന്വേഷിക്കും. അവരെ ഞാന്‍ അടിച്ചമര്‍ത്തും. എനിക്ക് എങ്ങനെ ഉപയോഗപ്പെടുത്താന്‍ കഴിയുമോ ആ രീതിയില്‍ ഞാന്‍ എല്ലാത്തിനേയും ഉപയോഗിക്കും.

ഞാന്‍ ആരാണെന്ന് പറയാമോ ? ”എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

അധികാരത്തിന്റെ ബലത്തില്‍ എന്തും ചെയ്യാമെന്നുള്ള ബി.ജെപിയുടെ ധാര്‍ഷ്ട്യത്തെ കൂടിയായിരുന്നു രാഹുല്‍ വിമര്‍ശിച്ചത്. ഇന്നലെയും
മോദിയുടെ ‘മുസ്ലീം പാര്‍ട്ടി’ പരാമര്‍ശത്തില്‍ രൂക്ഷപ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

ഒരു വരിയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നവര്‍ക്കൊപ്പമാണ് താനെന്ന് പറഞ്ഞായിരുന്നു ട്വിറ്ററില്‍ രാഹുല്‍ മറുപടി നല്‍കിയത്.

”ഒരു വരിയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നവര്‍ക്കൊപ്പമാണ് ഞാന്‍. ചൂഷിതര്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍, ഉപദ്രവിക്കപ്പെടുന്നവര്‍…അവരുടെ മതമോ ജാതിയോ വിശ്വാസമോ എന്നെ സംബന്ധിച്ച് വിഷയമല്ല.

വേദനിക്കുന്നവരെയാണ് ഞാന്‍ തേടുന്നത്. അവരിലെ വെറുപ്പും ഭയവും ഇല്ലാതാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എല്ലാ സഹജീവികളേയും ഞാന്‍ സ്‌നേഹിക്കുന്നു..ഞാന്‍ കോണ്‍ഗ്രസാണ്”- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ഇന്നലെ ജാര്‍ഖണ്ഡിലെ പാകൂരില്‍ വെച്ചാണ് ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് അഗ്‌നിവേശിനെ ആക്രമിച്ചത്. അഗ്നിവേശിനെ തടഞ്ഞു വച്ച് മര്‍ദ്ദിച്ച സംഘം അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തിരുന്നു.

ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കൊപ്പം ചേര്‍ന്ന് ആദിവാസികളെ സ്വാധീനിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ലിഠിപദായില്‍ നടക്കുന്ന പരിപാടിയില്‍ സംബന്ധിക്കാനെത്തിയതായിരുന്നു അഗ്നിവേശ്. പ്രദേശത്ത് സന്ദര്‍ശനം നടത്താന്‍ അദ്ദേഹത്തെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അഗ്നിവേശ് താമസിക്കുന്ന ഹോട്ടലിനു പുറത്ത് രാവിലെ മുതല്‍ക്കു തന്നെ തമ്പടിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7