കൊച്ചി: സര്‍ക്കാരിന് തലവേദനയായി പുതിയ വിവാദം ഉയരുന്നു. എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ ഭാര്യക്ക് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വഴിവിട്ട് നിയമനം നല്‍കിയതില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷംസീറിന്റെ ഭാര്യക്ക് നിയമനം നല്‍കിയതെന്നായിരുന്നു പരാതി. സ്‌കൂള്‍ ഒഫ് പെഡഗോഗിക്കല്‍ സയന്‍സിലേക്ക് നടന്ന താത്കാലിക അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേയ്ക്കാണ് ഷംസീറിന്റെ ഭാര്യ ഷഹലയെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചത്. ഇക്കാര്യത്തിലാണ് സര്‍ക്കാരിനോടും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയോടും വിശദീകരണം ആവശ്യപ്പെട്ടത്. ഈ വിശദീകരണം കേട്ട ശേഷമായിരിക്കും ഇക്കാര്യത്തില്‍ കോടതി അന്തിമ വിധി പുറപ്പെടുവിക്കുക.
എ.എന്‍ ഷംസീര്‍.എം.എല്‍.എയുടെ ഭാര്യയുടെ നിയമനത്തിനായി കണ്ണൂര്‍ സര്‍വകലാശാല വിജ്ഞാപനവും റാങ്ക് ലിസ്റ്റും തിരുത്തിയെന്ന് കാണിച്ച് റാങ്ക് പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായ ഡോ.എം.പി. ബിന്ദു നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയത്.
ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിച്ച വിജ്ഞാപനം ഒ.ബി.സി മുസ്ലിം എന്നാക്കി തിരുത്തിയാണ് നിയമനം നല്‍കിയതെന്നായിരുന്നു ഡോ.എം.പി. ബിന്ദുവിന്റെ പരാതിയില്‍ പറയുന്നത്. ഒന്നാം റാങ്കുകാരിയായ തന്നെ ഒഴിവാക്കിയാണ് ഷംസീറിന്റെ ഭാര്യക്ക് നിയമനം നല്‍കിയതെന്ന് ബിന്ദു ആരോപിച്ചു.