ജലന്ധര്‍ ബിഷപ്പ് രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍; കണ്ണൂരിലെ രണ്ടു മഠങ്ങളില്‍ ഇന്ന് പരിശോധന

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നല്‍കി. ബിഷപ്പ് വത്തിക്കാനിലേക്ക് കടന്നേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് പൊലീസ് നടപടി. ജലന്ധര്‍ രൂപതയുടെ കീഴിലുള്ള കണ്ണൂരിലെ രണ്ട് മഠങ്ങളിലും ഇന്ന് പരിശോധന നടത്തും.

അതേസമയം ബിഷപ്പിന്റെ അറസ്റ്റ് ഉടനുണ്ടാകില്ല. മുഴുവന്‍ തെളിവുകളും ശേഖരിച്ച ശേഷം അറസ്റ്റ് മതിയെന്നാണ് തീരുമാനം. ബിഷപ്പിന്റെ അറസ്റ്റുണ്ടായാല്‍ ജലന്ധറില്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. അതിനാല്‍ ജലന്ധര്‍ പൊലീസിന്റെ നിര്‍ദേശം കൂടി പരിഗണിച്ച ശേഷം മാത്രമേ അറസ്റ്റുണ്ടാകൂ.

കണ്ണൂരിലെ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയപ്പോളും ബിഷപ്പ് കുറവിലങ്ങാട് മഠത്തില്‍ തങ്ങി തന്നെ പീഡിപ്പിച്ചതായി കന്യാസ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. ഈ ചടങ്ങുകളുടെ വിശദാംശങ്ങള്‍ കൂടി ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്റെ നേതൃത്വത്തിലാണ് കണ്ണൂരിലെ മഠങ്ങളില്‍ പരിശോധന നടക്കുന്നത്.

ജലന്തര്‍ ബിഷപ്പ് 12 തവണ ബലാത്സംഗം ചെയ്തെന്ന് കന്യാസ്ത്രീ രഹസ്യമൊഴി നല്‍കിയിരുന്നു. പീഡനം നടന്നത് കുറവിലങ്ങാട്ട് മഠത്തിലെ 20ാം നമ്പര്‍ മുറിയിലാണെന്ന് കന്യാസ്ത്രീ മൊഴി നല്‍കി. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്നായിരുന്നു പൊലീസിന് നല്‍കിയ മൊഴി. രഹസ്യമൊഴിയിലെ വെളിപ്പെടുത്തലോടെ പൊലീസ് വീണ്ടും മൊഴി രേഖപ്പെടുത്തി. നേരത്തെ പറയാതിരുന്നത് മാനനഷ്ടവും ജീവഹാനിയും ഭയന്നെന്ന് കന്യാസ്ത്രീ പറഞ്ഞു. ക്രൈംബ്രാഞ്ച് പഞ്ചാബ് പൊലീസിന്റെ സഹായം തേടി.ബിഷപ്പ് രാജ്യംവിട്ടുപോകാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചിരുന്നു.

2014നും 16നും ഇടയില്‍ കന്യാസ്ത്രീ പീഡനത്തിനിരയായ 13 ദിവസങ്ങളിലും ബിഷപ്പ് മഠത്തില്‍ താമസിച്ചതായി സന്ദര്‍ശക രജിസ്റ്ററില്‍ നിന്ന് വ്യക്തമായി. ഈ കാലയളവില്‍ പരാതിക്കാരിയോടൊപ്പം മഠത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളുടെ മൊഴിയും നിര്‍ണായകമായി. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലും പീഡനം നടന്ന വിവരം കന്യാസ്ത്രീ ആവര്‍ത്തിച്ചിരുന്നു. പൊലീസിനു നല്‍കിയ പരാതി 150 പേജുള്ള രഹസ്യമൊഴിയിലും ആവര്‍ത്തിച്ചുവെന്നാണ് സൂചന.

ബിഷപ്പ് കന്യാസ്ത്രീയെ ഫോണില്‍ വിളിച്ചും ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന്റെ തെളിവുകള്‍ ഉള്‍പ്പെടുന്ന കന്യാസ്ത്രീയുടെ ഫോണ്‍ ജലന്തറില്‍വെച്ച് നഷ്ടമായി. ഇത് കണ്ടെത്താനും നടപടികള്‍ ഊര്‍ജിതമാക്കി. അതേസമയം കന്യാസ്തീക്കെതിരെയും ബന്ധുക്കള്‍ക്കെതിരെയും ബിഷപ്പ് നല്‍കിയ പരാതി വ്യാജമാണെന്ന് അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ വ്യക്തമായി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7