കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. 13 തവണ ബിഷപ്പ് പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി. ഇത് ശരിവെക്കുന്ന വൈദ്യ പരിശോധന ഫലമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ പീഡനം നടന്നത് വ്യക്തമായിട്ടുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. റിപ്പോര്‍ട്ടിന് പുറമേ പരിശോധന നടത്തിയ ഡോക്ടറിന്റെ മൊഴികൂടി അന്വേഷണ സംഘം ഉടന്‍ ശേഖരിക്കും.
അതേസമയം അന്വേഷണത്തില്‍ കന്യാസ്ത്രീക്ക് അതപ്തി ഉണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ ഇന്നലെ വ്യക്തമാക്കിയിരുന്നു. തെളിവുണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്തതില്‍ കന്യാസ്ത്രീ സംശയം പ്രകടിപ്പിച്ചതായി വനിതാ കമ്മീഷന്‍ പറഞ്ഞു. അതേസമയം കന്യാസ്ത്രീയുടെ രഹസ്യമൊഴിയുടെ പകര്‍പ്പിനായി അന്വേഷണ സംഘം അപേക്ഷ നല്‍കി.
ജലന്ധര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ 13 തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീ പരാതി നല്‍കിയിരുന്നത്. എന്നാല്‍ സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് മാത്രമേ അറസ്റ്റിലേക്ക് നീങ്ങുകയുളളു. കേരളത്തിലെത്തി അന്വേഷണ സംഘം മുമ്പാകെ ഹാജരാകാന്‍ ബിഷപ്പിനോട് ആവശ്യപ്പെടാനാണ് സാധ്യത. എന്നാല്‍ ജലന്ധറിലെത്തി ബിഷപ്പിനെ അറസ്റ്റ് ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്.
ഫ്രാങ്കോ മുളയ്ക്കല്‍ 2014 മേയ് അഞ്ചിന് എറണാകുളത്ത് ബിഷപ്പുമാരുടെ മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി കുറവിലങ്ങാട് നാടുകുന്നത്തെ സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ മിഷണറീസ് ഓഫ് ജീസസ് മഠത്തിലെ ഗസ്റ്റ് ഹൗസിലെത്തിയപ്പോള്‍ മദര്‍ സുപ്പീരിയറായിരുന്ന കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ബിഷപ്പിനെ സ്വീകരിച്ച് വിശ്രമമുറിയിലെത്തിച്ചപ്പോള്‍ ളോഹ ഇസ്തിരിയിട്ട് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടെന്നും തിരികെ വന്നപ്പോള്‍ പീഡിപ്പിച്ചെന്നും പിന്നീട് 13 തവണ ഇവിടെവച്ച് പലപ്പോഴായി പീഡനത്തിന് ഇരയാക്കിയതായുമാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് നല്‍കിയ പരാതിയിലുള്ളത്.
തുടര്‍ന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ നടന്ന മൊഴിയെടുപ്പിലും കന്യാസ്ത്രീ തന്റെ നിലപാട് ആവര്‍ത്തിച്ചിരുന്നു. 2014 മുതലുള്ള കാര്യങ്ങളെല്ലാം രഹസ്യമൊഴിയില്‍ വിവരിച്ചിട്ടുണ്ട്. കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ ഉണ്ടെന്ന് സഹോദരി അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഇവരുടെ മൊഴികൂടി പൊലീസ് ശേഖരിക്കും. കൂടാതെ ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുളള തെളിവുകളും കൈമാറും. ഇതിന് ശേഷമാകും ബിഷപ്പിനെ ചോദ്യം ചെയ്യുകയെന്നാണ് വിവരം.