ഉളുപ്പില്ലേ മിസ്റ്റര്‍ സുരേഷ് ഗോപി!!! അഭിമന്യുവിന്റെ വിയോഗത്തില്‍ വിതുമ്പുന്ന വട്ടവടയില്‍ ചിരിച്ചുല്ലസിച്ച് സെല്‍ഫി എടുത്ത് സുരേഷ് ഗോപി എം.പി

മഹാരാജാസ് കേളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ വീട്ടില്‍ സിനിമാറ്റിക് എന്‍ട്രി നടത്തി ബിജെപി എംപി സുരേഷ് ഗോപി. അഭിമന്യുവിന്റെ വിയോഗത്തിന്റെ വേദന തങ്ങിനില്‍ക്കുന്ന വട്ടവടയിലെ കോളനിയുടെ ഇടനാഴികളില്‍ സുരേഷ്ഗോപി എം പി താരപ്പകിട്ടോടെ ജനങ്ങള്‍ക്കൊപ്പം ചിരിച്ചുപിടിച്ചു സെല്‍ഫികളെടുത്തുകൂട്ടി.

അരും കൊലയില്‍ നിന്നും വട്ടവട ഇനിയും മോചിതമായിട്ടില്ല. അവിടെയാണ് സുരേഷ് ഗോപി ഔചിത്യമില്ലാതെ പെരുമാറിയത്. അതേസമയം അഭിമന്യുവിന്റെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, ആ മരണം രാജ്യത്തിന്റെ വര്‍ഗീയതക്കെതിരെയുള്ള ബലിയായിരുന്നെന്ന് സുരേഷ്ഗോപി പറഞ്ഞു.

വട്ടവട പഞ്ചായത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പശ്ചാത്തലം അനുവദിക്കുകയാണെങ്കില്‍ വട്ടവട സ്‌കൂള്‍ നവീകരണത്തിന് വേണ്ടി എം.പി. ഫണ്ടില്‍ നിന്ന് പണമനുവദിക്കും. അഭിമന്യു ഡ്രിങ്കിങ്ങ് വാട്ടര്‍ പ്രൊജക്ട് എന്ന പേരില്‍ വട്ടവടയിലെ നാനൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനും സഹായിക്കുമെന്ന് സുരേഷ്ഗോപി പറഞ്ഞു.

അതിനിടെ സെല്‍ഫിയുടെ പ്രത്യയശാസ്ത്രം എന്തുമാകട്ടെ, ആശ്വസിപ്പിക്കാനെത്തിയവര്‍ വട്ടവടക്ക് വിനോദയാത്ര വന്നപോലെയാണ് പെരുമാറിയതെന്ന് അഭിമന്യുവിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു. സമൂഹമാധ്യമങ്ങളിലും സുരേഷ് ഗോപിയുടെ സന്ദര്‍ശന ചിത്രങ്ങള്‍ വലിയ രോഷത്തിനും പ്രതിഷേധത്തിനും കാരണമായി. താരം കാണിച്ചത് ഔചിത്യമില്ലായ്മയാണെന്നാണ് വിമര്‍ശനം.

അതേസമയം അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവം വര്‍ഗീയമായ മുതലെടുപ്പിന് നേരത്തെ തന്നെ സംഘപരിവാര്‍ ശ്രമിച്ചിരുന്നു. അഭിമന്യുവിന്റെ കൊലപാതകം ഹിന്ദുവിന്റെ കൊലപാതകം എന്ന രീതിയിലാണ് സംഘപരിവാര്‍ ചിത്രീകരിച്ചത്. അഭിമന്യുവിന്റെ കുടുംബത്തിന് സഹായവുമായി ഹിന്ദു ഹെല്‍പ്പ്ലൈന്‍ പ്രവര്‍ത്തകര്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഹിന്ദു ഹെല്‍പ്പ്ലൈന്റെ സഹായം അഭിമന്യുവിന്റെ പിതാവ് നിരസിക്കുകയായിരുന്നു.

അഭിമന്യുവിനെ എസ്ഡിപിഐ-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തെ വര്‍ഗീയമായി മുതലെടുക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവവര്‍ത്തകരാണ് മുതലെടുപ്പ് ഉദ്ദേശം വെച്ച് അഭിമന്യുവിന്റെ അച്ഛന്‍ മനോഹരനെ സമീപിച്ചത്. കമ്മ്യൂണിസ്റ്റ് ആയതു കൊണ്ടാണ് തന്റെ മകന്‍ മരിച്ചതെന്നും നിങ്ങളുടെ സഹായം ആവശ്യമില്ലെന്നും അഭിമന്യുവിന്റെ അച്ഛന്‍ ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കിയിരുന്നു..

അഭിമന്യുവിന്റെ മരണത്തില്‍ നീറുന്ന വീട്ടുകാരെ ആശ്വസിപ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും ആളുകള്‍ വട്ടവടയിലെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് വീട്ടിലെത്തിയ ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായ വാഗ്ദാനം.

അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന. മലപ്പുറം മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലുമാണ് ഒരേ സമയം പൊലീസ് പരിശോധന നടത്തുന്നത്. കാടാമ്പുഴയ്ക്കടുത്തുള്ള കേന്ദ്രത്തിലും പരിശോധനയുണ്ട്.

പോപുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് സംഘം അരും കൊല ചെയ്ത അഭിമന്യു വധക്കേസില്‍ ഒളിവിലുള്ള 12 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. ഇതിനുള്ള ഒരുക്കം പോലീസ് തുടങ്ങി. കൊല്ലപ്പെടുന്നതിന് മുന്‍പ് അഭിമന്യുവിന് വന്ന ഫോണ്‍ കോളുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ലുക്കൗട്ട് നോട്ടീസിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണമുണ്ട്. പ്രതികള്‍ വിദേശത്തേക്ക് കടക്കുമെന്ന സൂചനയെത്തുടര്‍ന്നാണിത്. കേസുമായി ബന്ധപ്പെട്ട് രണ്ടു പേര്‍കൂടി ഇന്ന് അറസ്റ്റിലായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

അഭിമന്യുവിനെ കുത്തിയതാരാണെന്ന് പോലീസിന് സൂചനകളുണ്ടെങ്കിലും പ്രതികളെ മുഴുവന്‍ കിട്ടിയാലേ ഇത് സ്ഥിരീകരിക്കാനാകൂ. മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ഥി മുഹമ്മദിനെയാണ് ഇപ്പോള്‍ ഒന്നാംപ്രതിയായി കണക്കാക്കുന്നത്. എന്നാല്‍, കുത്തിയത് ഇയാള്‍തന്നെയാണോയെന്ന് മുഴുവന്‍ പേരുടെയും അറസ്റ്റിനു ശേഷമേ അറിയാനാകൂ. കേസില്‍ ആകെ 15 പ്രതികളാണുള്ളത്.

അതേ സമയം അഭിമന്യുവിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. ഫണ്ട് ശേഖരണത്തിനായി ബാങ്ക് അക്കൗണ്ട് തുടങ്ങിയുട്ടുമുണ്ട്. ഇതിലേക്ക് എഴുത്തുകാരന്‍ ടി പത്മനാഭന്‍ ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. ഇതുവരെ 8 ലക്ഷത്തോളം രൂപ കുടുംബ സഹായ ഫണ്ടിലേക്ക് എത്തിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7