അഭിമന്യു വധക്കേസില്‍ നിര്‍ണായകമായി വാട്‌സ് ആപ്പ് സന്ദേശം; അന്വേഷണം ക്യാമ്പസ് ഫ്രണ്ട് വനിതാ നേതാവിലേക്ക്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ബിരുദ വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിര്‍ണായക വാട്‌സ് ആപ്പ് സന്ദേശം പോലീസ് കണ്ടെത്തി. ഇതോടെ അന്വേഷണം കാമ്പസ് ഫ്രണ്ടിന്റെ വനിതാ നേതാവിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കൊലപാതാക ദിവസം പ്രതികള്‍ക്ക് വന്ന വാട്സാപ്പ് സന്ദേശത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് കൊലയാളി സംഘത്തിലെ ഒരാള്‍ക്ക് വാട്സ്ആപ് സന്ദേശം ലഭിച്ചത്. ഇത് കേസില്‍ നിര്‍ണ്ണായകമായിരിക്കും. കൊലപാതകത്തിന്റെ ലക്ഷ്യം ആ സന്ദേശത്തില്‍ ഉണ്ടായേക്കും എന്നാണ് പോലീസ് സംശയിക്കുന്നത്. വാട്സാപ്പ് സന്ദേശവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്യാമ്പസ് ഫ്രണ്ടുമായി ബന്ധമുള്ള വനിതാ നേതാവിലേക്ക് ആണ് നീളുന്നത്. പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കുകയാണ് പോലീസ് ഇപ്പോള്‍. അഭിമന്യുവിനെ കൊലപ്പെടുത്തിയശേഷം പ്രതികള്‍ രക്ഷപ്പെട്ടത് മൊബൈല്‍ ഫോണ്‍ കൊച്ചിയില്‍തന്നെ ഉപേക്ഷിച്ചതിന് ശേഷമായിരുന്നു.

പ്രതിപ്പട്ടികയില്‍പ്പെട്ടവരെല്ലാം മൊബൈല്‍ ഫോണുകള്‍ അന്നു രാത്രിതന്നെ സ്വിച്ച് ഓഫ് ചെയ്ത് കൊച്ചയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതിനാല്‍ തന്നെ പ്രതികളെ പിടികൂടാന്‍ സൈബര്‍സെല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വേണ്ടത്ര ഗുണം ചെയ്യില്ല. പ്രതികള്‍ക്കായി ഇതര സംസ്ഥാനങ്ങളിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. ചില പ്രതികള്‍ ഇടുക്കി വഴി തമിഴ്നാട്ടിലേക്ക് കടക്കുവാനുള്ള സാധ്യതകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. പ്രതികള്‍ വിദേശത്തേക്ക് കടക്കാന്‍ ഇടയുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ മൂന്നുപേര്‍ മാത്രമാണ് ഇതുവരേയും പോലീസ് പിടിയിലായത്. ജോസഫ് മാഷിന്റെ കൈവെട്ട് കേസില്‍ പ്രതിപട്ടികയിലുണ്ടായിരുന്ന ഒരു വ്യക്തി എടുത്ത് കൊടുത്ത ഹോസ്റ്റലിലാണ് പ്രതി ഉള്‍പ്പടെയുള്ള കൊച്ചിയിലെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ താമസിച്ചിരുന്നത്. കൈവെട്ട് കേസിലെ പ്രതികള്‍ക്ക് അഭിമന്യുവിന്റെ കൊസപാതകവുമായി ബന്ധമുണ്ടോ എന്ന് എന്‍ഐഎയും അന്വേഷണം നടത്തുന്നുണ്ട്. കേസന്വേഷണത്തില്‍ നിന്ന് സെന്‍ട്രല്‍ സി ഐ അനന്ത്ലാലിനെ മാറ്റി കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷ്ണര്‍ എസ് ടി സുരേഷ് കുമാറിന് ചുമതല നല്‍കിയിരുന്നു.

അതേസമയം ഒളിവിലായ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. എത്താനിടയുള്ള സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്. പ്രതികള്‍ എവിടെയാണെന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേശ് പറഞ്ഞു. ബംഗളൂരു, കുടക്, മൈസൂര്‍ എന്നിവിടങ്ങളിലാണ് അന്വേഷണം. കസ്റ്റഡിയിലുള്ള സൈഫുദീനില്‍ നിന്നാണ് ഇവരുടെ വിവരങ്ങള്‍ ലഭിച്ചത്.

അതേസമയം അഭിമന്യുവിന്റെ കൊലപാതകക്കേസിലെ പ്രതികളുടെമേല്‍ യു.എ.പി.എ. ചുമത്താന്‍ പോലീസ് ആലോചിക്കുന്നുണ്ട്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിക്കൊരുങ്ങുന്നതെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ സൂചന നല്‍കി. ഒരു ഏറ്റുമുട്ടലിന്റെയോ പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെയോ ഭാഗമല്ലാതെ നടന്ന കൊല, ഒരു സംഘടന മുന്‍കൂട്ടി എടുത്ത തീരുമാനത്തിന്റെ ഫലമാണെന്ന നിഗമനത്തിലാണ് പൊലീസ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7