‘നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് വേണ്ടാ’… സംഘപരിവാറിന്റെ മുഖത്തുനോക്കി മകന്‍ നഷ്ടപ്പെട്ട വേദനയില്‍ വിങ്ങുന്ന അഭിമന്യുവിന്റെ അച്ഛൻ പറഞ്ഞു

കൊച്ചി:പോപ്പുലര്‍ ഫ്രണ്ട് കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ വീട്ടില്‍ സഹായം വാഗ്ദാനം ചെയ്ത് എത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സഹായം നിരാകരിച്ച അഭിമന്യുവിന്റെ അച്ഛന്റെ പ്രവര്‍ത്തിയെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവ്. മകന്‍ നഷ്ടപ്പെട്ട വേദനയില്‍ വിങ്ങുന്ന അച്ഛന്റെ അടുത്ത് വര്‍ഗ്ഗീയ വിഷവുമായി ചെന്നവരെ തിരിച്ചറിയണമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘വര്‍ഗ്ഗീയത തുലയട്ടെ’ അഭിമന്യു അവസാനമായി എഴുതിയ വാചകങ്ങള്‍ എസ്ഡിപിഐക്ക് മാത്രമല്ല സംഘപരിവാരത്തിനും മുഴുവന്‍ വര്‍ഗ്ഗീയ ശക്തികള്‍ക്കും എതിരാണെന്ന് അറിയാത്ത മട്ടില്‍ വീട്ടില്‍ ചെന്നവര്‍ക്കാണ് അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്‍ ഇന്നലെ മറുപടി നല്‍കിയത്. എന്റെ മകന്‍ കൊല്ലപ്പെട്ടു…സംഭവിക്കാന്‍ ഉള്ളത് സംഭവിച്ചു…ഞാന്‍ ജനിച്ചത് സിപിഐഎംകാരനായിട്ടാണ്. എന്റെ മകന്‍ കൊല്ലപ്പെട്ടതും ഈ പാര്‍ടിക്ക് വേണ്ടിയാണ്. അവന്‍ പോയത് കൊണ്ട് ഈ പാര്‍ടിയെ വേണ്ടാ എന്ന് ഞാന്‍ പറയില്ല…നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് വേണ്ടാ… സേവാ വാഹിനിയുടെ പേരില്‍ ‘ ഹിന്ദു’ വിനുള്ള സഹായ അഭ്യര്‍ത്ഥനയുമായി ചെന്ന സംഘപരിവാരത്തിന്റെ മുഖത്തു നോക്കിയാണ് അഭിമന്യുവിന്റെ അച്ഛന്‍ ധീരമായി ഇതു പറഞ്ഞത്. അതെ, ധീരനായ രക്തസാക്ഷിയുടെ അച്ഛന്‍. മകന്‍ നഷ്ടപ്പെട്ട വേദനയില്‍ വിങ്ങുന്ന അച്ഛന്റെ അടുത്ത് വര്‍ഗ്ഗീയ വിഷവുമായി ചെന്നവരെ തിരിച്ചറിയണം-അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഞാന്‍ വട്ടവടയില്‍ നിന്നും മടങ്ങുമ്പോള്‍ സേവാ വാഹിനി എന്ന ബോര്‍ഡെഴുതിയ രണ്ടു വാഹനം കണ്ടിരുന്നു. അവര്‍ ഹിന്ദുക്കളെ സഹായിക്കാനെന്ന മട്ടില്‍ വിഷം തുപ്പാനെത്തിയവരാണ്. ന്യൂനപക്ഷം വര്‍ഗ്ഗീയമായി സംഘടിക്കുന്നത് ഭൂരിപക്ഷ വര്‍ഗ്ഗീയത തങ്ങളുടെ വര്‍ഗീയ ചിന്ത ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുമെന്ന പാഠം ഓര്‍ക്കേണ്ടതുണ്ട്. ഭൂരിപക്ഷ വര്‍ഗ്ഗീയതക്കെതിരായ അതിവിശാല മുന്നണിക്കാര്‍ക്കുള്ള പാഠം കൂടിയാണിത്.

എന്റെ കൈകളില്‍ കുട്ടിപ്പിടിച്ച് അഭിമന്യുവിന്റെ അച്ഛന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. ‘ എന്റെ അച്ഛന്‍ ഈ പാര്‍ട്ടിയിലായിരുന്നു. ഞാനും എന്റെ മകനും ഈ പാര്‍ടിയില്‍ തന്നെ. എന്റെ മകന്‍ തെളിച്ച വഴിയില്‍ തന്നെയായിരിക്കും മരണം വരെ ഞങ്ങളും ‘ തന്റെ മകന്‍ ഇത്രയുമധികം ആളുകളുടെ മനസ്സില്‍ ഇടം കിട്ടിയല്ലാ എന്നതില്‍ താന്‍ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു വര്‍ഗ്ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം നാടിന് ഏറ്റെടുക്കാം-രാജീവ് പറയുന്നു.

അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ എഴുത്തുകാരന്‍ ടി.പത്മനാഭന്‍ രംഗത്ത് വന്നതും അദ്ദേഹം മറ്റൊരു പോസ്റ്റില്‍ പങ്കുവച്ചു. ഒറ്റമുറിയെന്നു പോലും പറയാന്‍ പറ്റാത്ത അഭിമന്യുവിന്റെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ മൊബൈലിലേക്ക് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ടി പത്മനാഭന്റെ വിളി വന്നു. അഭിമന്യുവിന്റെ കൊലപാതകത്തിലുള്ള വേദനയും രോഷവും പങ്കിടാനായിരുന്നു പപ്പേട്ടന്റ വിളി. ആ കുടുംബത്തെ എല്ലാ തരത്തിലും പാര്‍ടി സംരക്ഷിക്കുമെന്ന് പറയുന്നതിനു മുമ്പേ പപ്പേട്ടന്റെ ചോദ്യം വന്നു ‘ എനിക്ക് ആ കുടുംബത്തെ സഹായിക്കണം. ഞാന്‍ സമ്പന്ന നൊന്നുമല്ല. എന്റെ സഹായം ഞാന്‍ എത്തിക്കാം.’ പപ്പേട്ടന്‍ എല്ലാ ജീവജാലങ്ങളെയും അഗാധമായി സ്നേഹിക്കുന്നയാളാണ്. ആ
കുട്ടിയെ ഞാന്‍ സ്നേഹിക്കുന്നുവെന്ന് പപ്പേട്ടന്‍ പറഞ്ഞു.

അഭിമന്യുവിന്റെ വീട്ടിലേക്കുള്ള യാത്രയില്‍ മൊബൈലിലേക്ക് മുന്‍ എസ്എഫ്ഐക്കാരന്റെ സന്ദേശം വന്നിരുന്നു. അഭിയുടെ കുടുംബത്തെ സഹായിക്കാന്‍ നല്ലൊരു തുക സംഭാവന ചെയ്യട്ടേയെന്നായിരുന്നു ചോദ്യം . ഈ നാടിന്റെ സ്നേഹമാണ് ഇതിലെല്ലാം പ്രതിഫലിക്കുന്നത്-അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7