‘ആ ഫ്‌ളോ അങ്ങ് പോയി’ ! ജിഎന്‍പിസി ഫെയ്സ്ബുക്ക് ഗ്രൂപ്പ് എക്സൈസ് നിരീക്ഷണത്തില്‍

കൊച്ചി:ചുരുങ്ങിയ കാലം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ഫെയ്സ്ബുക്ക് ഗ്രൂപ്പ് എക്സൈസിന്റെ നിരീക്ഷണത്തില്‍. ദീപികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 17 ലക്ഷം അംഗങ്ങളുള്ള ഈ ഗ്രൂപ്പ് സോഷ്യല്‍ മീഡിയയിലൂടെ ലഹരിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്നാണ് എക്സൈസ് അന്വേഷിക്കുന്നത്. ഇതു സംബന്ധിച്ച അന്വേഷണത്തിന് എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗ്രൂപ്പിലെ പല പോസ്റ്റുകളും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായിട്ട് ആരോപണമുണ്ട്.

അതേസമയം ജിഎന്‍പിസി അവകാശപ്പെടുന്നത് തങ്ങള്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ്. ഗ്രൂപ്പിന്റെ ലക്ഷ്യം ഉത്തരവാദിത്തമുള്ള മദ്യപാനം പിന്തുടരുന്നത് ശീലിപ്പിക്കുകയെന്നതാണെന്നും അവര്‍ പറയുന്നു. പക്ഷേ ഈ നിലപാട് മദ്യവിരുദ്ധ സംഘടനകള്‍ തള്ളിക്കളയുകയാണ്. ഈ ഫെയ്സ്ബുക്ക് ഗ്രൂപ്പിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജിഎന്‍പിസിക്ക് മദ്യവ്യവസായികളുടെ പിന്തുണയും ലഭിക്കുന്നുണ്ടെന്നും മദ്യവിരുദ്ധ സംഘടനകള്‍ പറയുന്നു. ഇവര്‍ ജിഎന്‍പിസി ഫെയ്സ്ബുക്ക് ഗ്രൂപ്പിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.

സര്‍ക്കാരും എക്സൈസും ലഹരിക്കെതിരെ ബോധവത്കരണം നടത്തുന്ന അവസരത്തില്‍ ഈ ഗ്രൂപ്പിലൂടെ മദ്യപിക്കേണ്ട രീതികള്‍, ഇതിന്റെ കൂടെ കഴിക്കേണ്ട ഭക്ഷണങ്ങള്‍, പുതിയ ബ്രാന്‍ഡുകള്‍ തുടങ്ങിയവ പ്രചരിക്കുന്നുണ്ട്. ഇതു മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായി മദ്യവിരുദ്ധ സംഘടനകള്‍ അഭിപ്രായപ്പെടുന്നു.

തിരുവനന്തപുരം സ്വദേശിയായ ബിസിനസുകാരന്‍ ടി.എന്‍. അജിത് കുമാറാണ് ഈ ഗ്രൂപ്പിന്റെ അഡ്മിന്‍. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഇന്ന് ഈ ഗ്രൂപ്പിലെ സജീവ അംഗങ്ങളാണ്. അമേരിക്കയിലെയും യൂറോപ്പിലെയും വമ്പന്‍ മദ്യശാലകളില്‍ ഇരുന്നുള്ള ഒത്തുചേരലുകള്‍ മുതല്‍ കുടുസ്സുമുറികളില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തുന്ന സംഗമങ്ങള്‍ വരെ ഇവിടെ അംഗങ്ങള്‍ക്കായി പങ്കുവയ്ക്കപ്പെടുന്നുണ്ട്.

നിലവില്‍ കേരളത്തിലെ നൂറോളം ഹോട്ടലുകളും ബാറുകളും ജിഎന്‍പിസി അംഗങ്ങള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ഇത് സംബന്ധിച്ച് ഓഫറുകള്‍ ഗ്രൂപ്പില്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7