കണ്ണൂര്‍: പൊലീസ് സ്റ്റേഷനില്‍ എസ്‌ഐയ്ക്കും മറ്റു പൊലീസുകാര്‍ക്കും നേരെ യുവതിയുടെ ആക്രമണം.
പഴയങ്ങാടി പോലീസ് സ്‌റ്റേഷനിലെ എസ്.ഐ.യെക്കും രണ്ടു പോലീസുകാര്‍ക്കുമാണ് യുവതിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. എസ്.ഐ.യുടെ മുറിയിലെ ചില്ല് അലമാര തകര്‍ത്തു. എസ്.ഐ.യുടെ തൊപ്പിയടക്കമുള്ള സാധനങ്ങള്‍ വലിച്ചെറിഞ്ഞു.
ഉദുമ ബാരയിലെ കെ.ദിവ്യ(30) ആണ് അക്രമം നടത്തിയത്. പൊതുമുതല്‍ നശിപ്പിച്ചതിനും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തതിനും ഇവരുടെ പേരില്‍ കേസെടുത്തു. ബുധനാഴ്ച ഉച്ചയ്ക്ക് 12.20ഓടെയാണ് നാടകീയസംഭവമുണ്ടായത്.
പഴയങ്ങാടി എസ്.ഐ. ബിനു മോഹനെ കാണാനാണ് യുവതി സ്‌റ്റേഷനിലെത്തിയത്. തളിപ്പറമ്പ് സ്‌റ്റേഷനില്‍ നിരന്തരം പരാതിയുമായെത്താറുള്ളയാളാണ് യുവതി. ബിനു മോഹന്‍ നേരത്തേ തളിപ്പറമ്പിലായിരുന്നു. അതിനാല്‍, കാര്യങ്ങളറിയാവുന്ന എസ്.ഐ. വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേ സംസാരിക്കാനാകൂവെന്നറിയിച്ചു. ഇതില്‍ ക്ഷുഭിതയായാണ് യുവതി അക്രമം തുടങ്ങിയത്.
പാറാവുകാരനെ തള്ളിമാറ്റി ഇവര്‍ എസ്.ഐ.യുടെ കഴുത്തിനു പിടിച്ചു. ഈസമയം വനിതാ പോലീസ് ഓടിയെത്തി പിടിച്ചുമാറ്റാനൊരുങ്ങിയപ്പോള്‍ അവരെയും ആക്രമിച്ചു. പിന്നാലെ ഓഫീസ് സാധനങ്ങള്‍ വലിച്ചെറിയാനും തകര്‍ക്കാനും തുടങ്ങി. അപ്പോഴേക്കും കൂടുതല്‍ പോലീസുകാരെത്തി ഇവരെ പിടിച്ചുമാറ്റി. പരിക്കേറ്റ എസ്.ഐ.യും സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രജീഷ്, ലീന എന്നിവരും പഴയങ്ങാടി താലൂക്ക് ആസ്പത്രിയില്‍ ചികിത്സ തേടി.
ദിവ്യയുടെ കുടുംബപ്രശ്‌നങ്ങള്‍ സംബന്ധിച്ച് തളിപ്പറമ്പ് കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ഇതുകൂടാതെ സമാനമായ ഒട്ടേറെ പരാതികളും ഇവര്‍ തളിപ്പറമ്പ് പോലീസിന് നല്‍കാറുണ്ടായിരുന്നു. മാതാപിതാക്കള്‍ക്കുള്ള സമന്‍സ് തനിക്ക് തരണമെന്നതടക്കം പല ആവശ്യങ്ങളും ഇവര്‍ തളിപ്പറമ്പ് പോലീസിനോട് ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നാണ് പറയുന്നത്.
തിങ്കളാഴ്ച ഇവര്‍ പഴയങ്ങാടി സ്‌റ്റേഷനിലെത്തിയിരുന്നു. എസ്.ഐ.യെ കാണണമെന്നായിരുന്നു ആവശ്യം. എന്നാല്‍, എസ്.ഐ. തിരക്കിലായതിനാല്‍ അന്ന് കാണാനായില്ല. ഇതിനുശേഷമാണ് ബുധനാഴ്ചയും വന്നത്. ഇവരുടെ സ്വഭാവം അറിയുന്നതിനാലാണ് എസ്.ഐ. വനിതാ പോലീസിന്റെ സാന്നിധ്യത്തിലേ സംസാരിക്കാനാകൂവെന്ന് നിബന്ധനവെച്ചത്.