കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിന് മാരകമായ തരത്തില്‍ ഒറ്റക്കുത്ത് ആണ് കൊണ്ടതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. ഈ കുത്ത് തന്നെയാണ് മരണകാരണമെന്നാണ് പരിശോധനാ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു . കുത്തേറ്റ് 40 സെക്കന്റിനുളളില്‍ മരണം സംഭവച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം.
അഭിമന്യുവിന് മുഖാമുഖം നിന്നിട്ടാകാം കുത്തിയത് എന്നാണ് മുറിവിന്റെ രീതി വ്യക്തമാക്കുന്നത്. നെഞ്ചില്‍ ഇടതുഭാഗത്തായി അഞ്ചാമത്തെയും ആറാമത്തെയും വാരിയെല്ലുകള്‍ക്കിടയിലൂടെ ചരിഞ്ഞ് അകത്തേയ്ക്ക് കയറിയ കത്തി ഹൃദയത്തില്‍ ഇടത് വെന്‍ട്രിക്ക്‌ളില്‍(ഹൃദയത്തില്‍ രക്തം പുറത്തേക്ക് വിടുന്ന ഭാഗം) നാലിഞ്ചോളം ആഴത്തില്‍ മുറിവേല്‍പ്പിച്ചു. ഈ മുറിവാണ് മരണകാരണമായത്.
കുത്തേറ്റ ഉടന്‍ അഭിമന്യു ഓടിയിട്ടുണ്ടാകാമെന്നും, ഈ സമയത്ത് ഹൃദയം വേഗത്തില്‍ പ്രവര്‍ത്തിച്ച് 40 സെക്കന്റില്‍ പ്രവര്‍ത്തനം നിലച്ചിരിക്കാമെന്നുമാണ് നിഗമനം. കുത്തിയത് പരിശീലനം സിദ്ധിച്ച ആളാകാം എന്ന സംശയത്തിന് ബലം നല്‍കുന്നതാണ് ഈ വിവരം.
ഇക്കഴിഞ്ഞ ഞായറാഴ്ച അര്‍ധ രാത്രിയോടെയാണ് കൊലപാതകം നടന്നത്. ക്യാംപസ് ഫ്രണ്ടുമായി പോസ്റ്ററൊട്ടിക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെ അക്രമി സംഘത്തിലൊരാള്‍ അഭിമന്യുവിനെ നെഞ്ചിലേയ്ക്ക് കുത്തുകയായിരുന്നു. തൊട്ടടുത്ത് നിന്ന സുഹൃത്തായ വിദ്യാര്‍ത്ഥി അര്‍ജുനും കുത്തേറ്റു. അര്‍ജുന്റെ വയറില്‍ താഴെ നിന്നും മുകളിലേക്ക് എന്ന വിധം പിത്താശയവും കരളും കടന്ന് ശ്വാസകോശത്തില്‍ പോറലേല്‍പ്പിച്ചു ഈ മുറിവ്. ശ്വാസകോശത്തില്‍ കൂടി മുറിവേറ്റിരുന്നെങ്കില്‍ അര്‍ജുന്റെ ജീവനും ഭീഷണിയായേനെ എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
സംഭവത്തില്‍ ഇതുവരെ മൂന്ന് പ്രതികളെയാണ് പിടികൂടാന്‍ സാധിച്ചത്. 13 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇവര്‍ ജില്ല കടന്നിട്ടുണ്ടാകാമെന്ന സംശയത്തില്‍ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പ്രധാന എസ്ഡിപിഐ നേതാക്കളെയെല്ലാം കരുതല്‍ തടങ്കലില്‍ വച്ചിരിക്കുകയാണ്.
അഭിമന്യുവിന്റെ മരണത്തെ തുടര്‍ന്ന് രണ്ടു ദിവസം അടച്ചിട്ട ക്യാംപസ് ഇന്നാണ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന അഭിമന്യുവിന്റെ അനുസ്മരണ യോഗത്തില്‍ എല്ലാവരും കരച്ചിലടക്കാന്‍ പാടുപെട്ടു. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നല്ല വാക്കുകള്‍ മാത്രമേ അഭിമന്യുവിനെ കുറിച്ച് പറയാനുണ്ടായിരുന്നുളളൂ. കെമിസ്ട്രി വിഭാഗത്തില്‍ അഭിമന്യുവിന്റെ സഹപാഠികളാരും ഇന്ന് ക്ലാസില്‍ വന്നിരുന്നില്ല. ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അര്‍ജുന്‍, അഭിമന്യു മരിച്ച വിവരം അറിഞ്ഞിട്ടില്ല.