നൂറിന്റെ നിറവിലും ചുറുചുറുക്കോടെ വിപ്ലവ നക്ഷത്രം ഗൗരിയമ്മ. നൂറാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെ ഉയര്‍ന്ന ചോദ്യങ്ങളില്‍ ദിലീപ് എന്ന പേര് കേട്ടപ്പോള്‍ വിപ്ലവനായികയുടെ ചോര തിളച്ചു. ‘അടിയെടാ ആവനെ’ എന്നായിരുന്നു കെ ആര്‍ ഗൗരിയമ്മ കൂടെയുള്ളവരോട് അപ്പോള്‍ പറഞ്ഞത്. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ആദ്യം കാര്യമാക്കിയില്ലെങ്കിലും, കൂടി നിന്നിരുന്ന മാധ്യമ പ്രവര്‍ത്തകരിലൊരാളുടെ പേര് ദീപു എന്നതിന് പകരം ദിലീപ് എന്ന് കേട്ടപ്പോഴായിരുന്നു ഗൗരിയമ്മയുടെ ചൂടന്‍ കമന്റ്.
ഞായറാഴ്ച ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തിലാണ് കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത നേതാവ്, കെ ആര്‍ ഗൗരിയമ്മയുടെ നൂറാം പിറന്നാളാഘോഷങ്ങള്‍ നടന്നത്. ഗൗരിയമ്മയുടെ ജീവിതം കേരളത്തിന്റെ തന്നെ ചരിത്രമാണെന്നും ആര്‍ജ്ജവമുള്ള ഭരണാധികാരിയായിരുന്നു അവരെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസയില്‍ പറഞ്ഞു.
ഔദ്യോഗിക ജനന തിയതി ജൂലൈ 14 ആണെങ്കിലും മിഥുന മാസത്തിലെ തിരുവോണ നാളിലാണ് ഗൗരിയമ്മ പതിവായി പിറന്നാള്‍ ആഘോഷിക്കുന്നത്. മന്ത്രിമാരായ തോമസ് ഐസക്, പി.തിലോത്തമന്‍, സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി, ഭാര്യ ബെറ്റി ബേബി, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബു, ജില്ലാ സെക്രട്ടറി ആര്‍.നാസര്‍, പി.കെ.മേദിനി, എ.എന്‍.രാജന്‍ ബാബു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ.സുദര്‍ശനന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, കെപിസിസി ജനറല്‍ സെക്രട്ടറി സി.ആര്‍.ജയപ്രകാശ്, മുന്‍എംഎല്‍എ ഡി.സുഗതന്‍ തുടങ്ങിയവര്‍ ആശംസകളുമായെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണ പരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി, കെ.സി.വേണുഗോപാല്‍ എംപി എന്നിവര്‍ ഫോണ്‍ വഴി ആശംസകള്‍ നേര്‍ന്നു.