ഷൂട്ടൗട്ടില്‍ ഡെന്‍മാര്‍ക്ക് ‘ഡെഡ്’ ആയി; ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

മോസ്‌കോ: ഡെന്മാര്‍ക്കിനെ ഷൂട്ടൗട്ടിലൂടെ തോല്‍പിച്ച് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍. ആവേശം നിറഞ്ഞ ഷൂട്ടൗട്ടില്‍ ഡെന്മാര്‍ക്കിനെ 3-2നാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിയത്. ഗോള്‍ പോസ്റ്റിന് കീഴെ നെഞ്ചും വിരിച്ചുനിന്ന ഇരു ടീമുകളുടെയും ഗോള്‍ കീപ്പര്‍മാരാണ് കളിയിലെ താരങ്ങള്‍. നാടകീയതകള്‍ നിറഞ്ഞതായിരുന്നു ഷൂട്ടൗട്ട്. കിക്കുകള്‍ തടുത്തിടുന്നതില്‍ ഇരു ഗോള്‍കീപ്പര്‍മാരും മികവ് കാണിച്ചു. ഒടുവില്‍ വിജയം ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ക്കൊപ്പമായിരുന്നു.

കളി തുടങ്ങി ആദ്യ മിനുറ്റില്‍ തന്നെ ഡെന്മാര്‍ക്ക് ലീഡ് നേടി. റഷ്യന്‍ ലോകകപ്പിലെ വേഗതയേറിയ ഗോളായിരുന്നു അത്. ജോര്‍ജെന്‍സനാണ് 58ാം സെക്കന്റില്‍ ഡെന്മാര്‍ക്കിനായി ഗോള്‍ നേടിയത്. ബോക്സിലേക്കുള്ള ഡെന്മാര്‍ക്കിന്റെ ത്രോയാണ് ഗോളിലേക്ക് കലാശിച്ചത്.

ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലില്‍ ജോര്‍ജെന്‍സണിലൂടെ പന്ത് വലയില്‍. ഇതിന്റെ ആരവം അടങ്ങും മുമ്പെ ക്രൊയേഷ്യ തിരിച്ചടിച്ചു. നാലാം മിനുറ്റില്‍ മാന്‍സുകിച്ചിലൂടെയായിരുന്നു ക്രൊയേഷ്യയുടെ ഗോള്‍. എന്നാല്‍ ഒന്നാം പകുതിയില്‍ തന്നെ ലീഡ് എടുക്കാനുള്ള ശ്രമം ഇരു ടീമുകള്‍ക്കും ലക്ഷ്യത്തിലെത്തിക്കാനായില്ല. ക്രൊയേഷ്യയായിരുന്നു പലവട്ടം ഡെന്മാര്‍ക്ക് ബോക്സില്‍ വട്ടമിട്ട് പറന്നത്. പെനല്‍റ്റി ഷൂട്ടൌട്ട് വരെ പിന്നീട് ഇരു ടീമിനും വല ചലിപ്പിക്കാനായില്ല.

അതിനിടെ അധിക സമയത്തിന്റെ രണ്ടാം പകുതി അവസാനിക്കാനിരിക്കെ ക്രൊയേഷ്യക്ക് അനുകൂലമായ ലഭിച്ച പെനല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിക്കാനും ക്രോയേഷ്യക്കായില്ല. നായകന്‍ മോഡ്രിച്ചായിരുന്നു ഇൌ കിക്ക് എടുത്തത്. കിക്ക് എടുത്ത അതേ ദിശയില്‍ ചാടി ഡെന്മാര്‍ക്കിന്റെ ഗോളി തടുത്തിട്ടു.

അതേസമയം, ലോകകപ്പിലെ സ്പാനിഷ് സ്വപ്നങ്ങള്‍ റഷ്യന്‍ ഷൂട്ടൗട്ടില്‍ കരിഞ്ഞുണങ്ങി. ഗോളി അകിന്‍ഫീവ് റഷ്യയുടെ സൂപ്പര്‍ ഹീറോ ആയപ്പോള്‍ ഷൂട്ടൗട്ടില്‍ 4-3ന് സ്‌പെയിനെ കീഴടക്കി ആതിഥേയര്‍ ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നിശ്ചിത സമയത്തും അധികസമയത്തും 1-1 സമനിലകുടുക്ക് പൊട്ടിക്കാന്‍ സാധിക്കാത്തതോടെ മത്സരം ഷൂട്ടൗട്ടിലെത്തി. ഷൂട്ടൗട്ടില്‍ സ്‌പെയിനിന്റെ രണ്ട് ശ്രമങ്ങള്‍ അകിന്‍ഫീവ് തടഞ്ഞു. സെല്‍ഫ് ഗോളാണ് സ്‌പെയിനിനെ മുന്നിലെത്തിച്ചത്. തുടര്‍ച്ചയായ 23 മത്സരങ്ങളില്‍ പരാജയപ്പെട്ടില്ലെന്ന സ്പാനിഷ് റിക്കാര്‍ഡ് ഇതോടെ അവസാനിച്ചു. പന്തടക്കത്തില്‍ കാര്യമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞ മത്സരമായിരുന്നു ഇന്നലെ ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ നടന്ന റഷ്യ-സ്‌പെയിന്‍ മത്സരം. 79 ശതമാനം പന്തില്‍ നിയന്ത്രണം പുലര്‍ത്തിയ സ്‌പെയിന്‍ ഷൂട്ടൗട്ടില്‍ 3-4ന് തോറ്റു. സ്പെയിനിനെ തോല്‍പിച്ച റഷ്യയുമായാണ് ക്രൊയേഷ്യയുടെ ക്വാര്‍ട്ടര്‍ പോരാട്ടം. ഷൂട്ടൌട്ടിലൂടെയായിരുന്നു റഷ്യയുടെയും ക്വാര്‍ട്ടര്‍ പ്രവേശം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7