കൊച്ചി : ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ് രംഗത്ത്. അമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച നടിമാരുടെ ധീരതയെയും അവരുടെ തീരുമാനത്തെയും അഭിനന്ദിക്കുന്നു. താനിപ്പോഴും അവരോടൊപ്പമാണ്. അവരെ വിമര്‍ശിക്കുന്ന നിരവധി പേരുണ്ടാകും. എന്നാല്‍ തെറ്റും ശരിയും ഓരോരുത്തരുടെ കാഴ്ചപ്പാടിനെ അനുസരിച്ചാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഒരു ഇംഗ്ലീഷ് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് വ്യക്തമാക്കി.
അമ്മ സംഘടനയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് തന്റെ സമ്മര്‍ദ്ദം മൂലമല്ല. ആ ക്രെഡിറ്റ് എനിക്ക് വേണ്ട. ദിലീപിനെ പുറത്താക്കാനെടുത്ത തീരുമാനം അമ്മയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ ഒരുമിച്ചെടുത്തതാണ്. തന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ദിലീപിനെ പുറത്താക്കിയതെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവന കളവാണ്. ഗണേഷിന് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞാനത് കാര്യമാക്കുന്നില്ല. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനത്തിന് തന്നെ ഉപകരണമാക്കുകയാണെന്നും പൃഥ്വിരാജ് പറയുന്നു.
അഭിപ്രായം പറയാനുണ്ടെങ്കില്‍, അത് പ്രകടിപ്പിക്കാതെ നിശബ്ദനായിരിക്കുന്നത് എന്റെ ശീലമല്ല. പറയാനുള്ളത് പറയേണ്ട സമയത്ത് പറയേണ്ട സ്ഥലത്ത് പറഞ്ഞിരിക്കും. അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തില്ല എന്നത് സത്യമാണ്. എന്നാല്‍ അത് മനപ്പൂര്‍വമല്ല. അ്ജലി മേനോന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് ജോലികള്‍ ഉണ്ടായിരുന്നതിനാലാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത്.
നടിക്കുണ്ടായ ദുരനുഭവം തന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അനുഭവമാണ്. അതില്‍ നിന്നും ഇപ്പോഴും താന്‍ മുക്തനായിട്ടില്ല. ആക്രമിക്കപ്പെട്ട നടി തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ദുരനുഭവത്തില്‍ നിന്നും പെട്ടെന്ന് മുക്തയായ അവരുടെ ധൈര്യത്തെ ബഹുമാനിക്കുന്നു. മലയാളസിനിമയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള സംഘടനയാണ് അമ്മ. ഞാന്‍ അമ്മയുടെ അംഗമാണെങ്കിലും പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. ഇതുവരെ ദിലീപിനൊപ്പം അഭിനയിക്കാന്‍ എന്നെയാരും ക്ഷണിച്ചിട്ടില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.