അജോയ് വര്‍മ്മ-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം നീരാളി ജൂലൈയില്‍ തീയേറ്ററുകളില്‍ എത്തുകയാണ്. വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തെ കാത്തിരിക്കുന്നത്. അതിനിടെ നീരാളിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ”സിനിമയുടെ തിരക്കഥ എനിക്ക് കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി. വളരെ വ്യത്യസ്തമായ തീമിലാണ് ചിത്രം ഒരുങ്ങുന്നത്. നമ്മുടെ ഭാഷയില്‍ നിര്‍മ്മിക്കപ്പെടുന്ന ഭൂരിഭാഗം ചിത്രങ്ങളും ഹീറോ, വില്ലന്‍, റൊമാന്‍സ്, ഗാനങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയാണ് നിലകൊള്ളുന്നത്.
എന്നാല്‍ ഈ ചിത്രം പരമ്പരാഗത രീതിക്കെതിരെ ധീരമായ ഒരു പരിശ്രമമാണ് നടത്തിയിരിക്കുന്നത്. നീരാളിയില്‍ പ്രതിനായകന്‍ പ്രകൃതിതന്നെയാണ്. അതിനോടാണ് നായകന്‍ മല്ലിട്ടു ജയിക്കേണ്ടത്. അപകടത്തില്‍പ്പെട്ട നായകന്‍ അതിജീവിക്കാനായി നടത്തുന്ന ജീവന്മരണപോരാട്ടത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. വ്യത്യസ്തമായ തീമിലുള്ളതായതിനാല്‍ തന്നെ വേറിട്ട ശൈലിയിലാണ് ഇതിന്റെ ചിത്രീകരണവും നടത്തുന്നത്.” മോഹന്‍ലാല്‍ പറയുന്നു.
അതേസമയം ജൂലൈയില്‍ ചിത്രം വേള്‍ഡ് വൈഡ് റീലീസ് ചെയ്യും. ദസ്‌തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. മൈ വൈഫ്‌സ് മര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററും കൂടിയായിരുന്ന അജോയ് തന്നെയാണ് ഈ സിനിമയുടെയും എഡിറ്റര്‍.
സന്തോഷ് തുണ്ടിയിലാണ് ക്യാമറ. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന നീരാളി മുഴുനീള ആക്ഷനുള്ള ഒരു ത്രില്ലര്‍ ചിത്രമാണ്. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്ലന്‍ഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം . മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.