സരന്‍സ്‌ക്: ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനല്‍റ്റി കിക്കിലൂടെ പോര്‍ച്ചുഗലിനെ ഇറാന്‍ സമനിലയില്‍ പിടിച്ചുകെട്ടി (1-1). ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനല്‍റ്റി കിക്ക് പാഴാക്കിയ ആവേശപ്പോരാട്ടത്തില്‍ വെറ്ററന്‍ വിങ്ങര്‍ റിക്കാര്‍ഡോ കരെസ്മ(45ാം മിനിറ്റ്) പോര്‍ച്ചുഗലിനു വേണ്ടിയും പെനല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് അന്‍സാരിഫര്‍ദ്(90+3) ഇറാനു വേണ്ടിയും ഗോള്‍ നേടി. ഇതോടെ ഗ്രൂപ്പ് ബിയില്‍ അഞ്ച് പോയിന്റുമായി പോര്‍ച്ചുഗല്‍ നോക്കൗട്ടിലേക്ക് മുന്നേറി. നാല് പോയിന്റുള്ള ഇറാന്‍ പുറത്തേക്കും. ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള സ്പെയിനാണ് ഗ്രൂപ്പില്‍ ഒന്നാമത്.
കളിയുടെ ആദ്യ പകുതിയില്‍ കരെസ്മ നേടിയ ഗോളില്‍ത്തൂങ്ങി പോര്‍ച്ചുഗല്‍ രക്ഷപ്പെടുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ഇറാന്‍ പെനല്‍റ്റിയിലൂടെ സമനില പിടിച്ചത്. അവാസാന നിമിഷങ്ങളില്‍ തീര്‍ത്തും പരുക്കുനായ കളിയില്‍ റൊണാള്‍ഡോയടക്കം പോര്‍ച്ചുഗലിന്റെ നാലു താരങ്ങളും ഇറാന്റെ രണ്ടു താരങ്ങളും മഞ്ഞക്കാര്‍ഡ് കണ്ടു. മരണപോരാട്ടത്തിനിറങ്ങിയ പോര്‍ച്ചുഗല്‍ തുടക്കം മുതല്‍ ആക്രമിച്ചാണ് കളിച്ചത്. പോര്‍ച്ചുഗല്‍ മുന്നേറ്റം ഇറാന്റെ പ്രതിരോധത്തില്‍ തട്ടിനിന്നതോടെ ഗോള്‍ അകന്നുനിന്നു. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് പോര്‍ച്ചുഗല്‍ ലീഡെടുത്തു.
53ാം മിനിറ്റില്‍ വിഎആര്‍ തീരുമാനത്തെത്തുടര്‍ന്ന് ലഭിച്ച പെനല്‍റ്റിയാണ് ക്രിസ്റ്റ്യാനോ പാഴാക്കിയത്. റൊണാള്‍ഡോയെ ബോക്സില്‍ ഇറാന്‍ ഡിഫന്‍ഡര്‍ വീഴ്ത്തിയതിനെത്തുടര്‍ന്നായിരുന്നു വീഡിയോ പരിശോധന. പോസ്റ്റിന്റെ വലതുമൂല ലക്ഷ്യം വച്ച് റൊണാള്‍ഡോ തൊടുത്ത ഷോട്ട് ഇറാന്‍ ഗോളി അലി റസ ബെയ്റന്‍വദ് രക്ഷിക്കുകയായിരുന്നു.
ഇടവേളയ്ക്കു മുന്‍പ് ലഭിച്ച ആദ്യ സുവര്‍ണാവസരം പോര്‍ച്ചുഗല്‍ വിങ്ങര്‍ ജോവോ മരിയ പാഴാക്കുകയായിരുന്നു. പത്താം മിനിറ്റില്‍ ഇടതു ഫ്ലാങ്കില്‍നിന്ന് ക്രിസ്റ്റ്യാണനോ തൂക്കിയിട്ടു കൊടുത്ത മനോഹരമായ ക്രോസ് മരിയ പുറത്തേക്കടിച്ചു.
ഈ ലോകകപ്പില്‍ ആദ്യ ഇലവനില്‍ ആദ്യമായി സ്ഥാനം നേടിയ റിക്കാര്‍ഡോ കരെസ്മ പോര്‍ച്ചുഗലിന്റെ താരമായ നിമിഷം. അത്രയും നേരം പിടിച്ചുനിന്ന ഇറാന്‍ പ്രതിരോധ നിരയെ മനോഹരമായി കബളിപ്പിച്ച് 18 വാരയോളം അകലെ നിന്നു തൊടുത്ത ഷോട്ട്. അഡ്രിയന്‍ സില്‍വയ്ക്കൊപ്പം പന്തു കൊടുത്തും വാങ്ങിയും രണ്ടു ഡിഫന്‍ഡര്‍മാരെ വെട്ടിച്ചു കയറി വലംകാലന്‍ ബുള്ളറ്റ് ഷോട്ട് വലയിലെത്തിച്ചു(1-0)
കോര്‍ണറിനിടെ പോര്‍ച്ചുഗല്‍ താരം സെഡ്രിക് സോറസിന്റെ ഹാന്‍ഡ്ബോളിന് ലഭിച്ച പെനല്‍റ്റിയാണ് ഇന്‍ജുറി ടൈമില്‍ ഇറാന് സമനില നേടിക്കൊടുത്തത്. വിഎആര്‍ പരിശോധനയ്ക്കു ശേഷം റഫറി അനുവദിച്ച പെനല്‍റ്റി കിക്ക് അന്‍സാരി ഫര്‍ദ് വലയിലെത്തിച്ചു (1-1).