മേജറുടെ ഭാര്യയുമായി 3000 ഫോണ്‍കോളുകള്‍; കൊലപാതകത്തിനുള്ള കാരണം വെളിപ്പെടുത്തി അറസ്റ്റിലായ മേജര്‍

ന്യൂഡല്‍ഹി: അപകടമരണമെന്ന് തോന്നിപ്പിക്കും വിധം മേജറുടെ ഭാര്യയെ മറ്റൊരു മേജര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജയ്ക്കു തന്നോടായിരുന്നു സ്‌നേഹമെന്നും ഒടുവില്‍ ഒഴിവാക്കാന്‍ വേണ്ടിയാണു കൊലപ്പെടുത്തിയതെന്നും അറസ്റ്റിലായ കരസേന മേജര്‍ നിഖില്‍ റായ് ഹന്ദ പൊലീസിനു മൊഴി നല്‍കി.

ശനിയാഴ്ചയാണു വെസ്റ്റ് ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ അമിത്തിന്റെ ഭാര്യയെ ഷൈലജയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്നു രാവിലെ എട്ടിന് നിഖിലും ഷൈലജയും ഫോണില്‍ സംസാരിച്ചിരുന്നു. ആര്‍മി ബേസ് ഹോസ്പിറ്റലില്‍ വച്ചു കാണാമെന്ന് ഉറപ്പിക്കുകയും ചെയ്തു.

ഫിസിയോതെറപ്പിക്കെന്ന പേരില്‍ ഷൈലജ പതിനൊന്നരയോടെ അമിതിന്റെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തി. ഡ്രൈവര്‍ തിരികെ പോകുകയും ചെയ്തു. ആശുപത്രിയില്‍ നിഖിലിന്റെ ഒന്നര വയസ്സുകാരനായ മകനെയും പ്രവേശിപ്പിച്ചിരുന്നു. നിഖിലിന്റെ കാറില്‍ ഇരുവരും ഡല്‍ഹി കന്റോണ്‍മെന്റിലേക്കാണു പോയത്.

യാത്രയ്ക്കിടെ കാറിനുള്ളില്‍ ഇരുവരും വാക്കേറ്റത്തിലേര്‍പ്പെടുകയും കരുതി വച്ചിരുന്ന കത്തിയെടുത്തു നിഖില്‍ ഷൈലജയുടെ കഴുത്തു മുറിക്കുകയുമായിരുന്നു. വാഹനത്തിനു പുറത്തു രക്തമൊലിപ്പിച്ചിറങ്ങിയ ഷൈലജ റോഡിലൂടെ നടക്കുന്നതിനിടെ കാറു കൊണ്ട് ഇടിച്ചു വീഴ്ത്തി. ദേഹത്തു കാര്‍ കയറ്റിയിറക്കുകയും ചെയ്തു.

ഒന്നരയോടെയാണു മരണമെന്നാണു പൊലീസ് നിഗമനം. ഷൈലജയെ കാണാനില്ലെന്ന പരാതി നാലരയോടെയാണ് അമിത് പൊലീസ് സ്‌റ്റേഷനില്‍ നല്‍കുന്നത്. അതിനു മുന്‍പേ തന്നെ വഴിയാത്രക്കാര്‍ ബ്രാര്‍ സ്‌ക്വയറിലെ വിജനമായ റോഡില്‍ കണ്ടെത്തിയ മൃതദേഹത്തെപ്പറ്റിയുള്ള വിവരം പൊലീസിനു നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം ഷൈലജയുടേതാണെന്നു സ്ഥിരീകരിക്കുന്നത്.

പ്രതിക്കു വേണ്ടി ഡല്‍ഹി പൊലീസ് ഇരുനൂറോളം സിസിടിവി ക്യാമറ ദൃശ്യങ്ങളാണു പരിശോധിച്ചത്. ആറു സംഘങ്ങളായിട്ടായിരുന്നു ഡല്‍ഹി പൊലീസിന്റെ അന്വേഷണം. ആര്‍മി ബേസ് ആശുപത്രി പരിസരത്തെ രണ്ടു സിസിടിവികളില്‍ നിന്ന് ഷൈലജ കാറില്‍ കയറുന്ന ദൃശ്യം ലഭിച്ചിരുന്നു. എന്നാല്‍ കാറിന്റെ നമ്പര്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് ആര്‍മി ബേസ് ആശുപത്രിക്കും സാകേതിലെ നിഖിലിന്റെ കുടുംബവീടിനും ഇടയ്ക്കുള്ള നൂറോളം സിസിടിവികള്‍ പരിശോധിച്ചു. അതില്‍ നിന്നാണു കാര്‍ നമ്പര്‍ ലഭിക്കുന്നത്.

അന്വേഷണ സംഘം നിഖിലിന്റെ കുടുംബവീട്ടിലെത്തിയെങ്കിലും ഒന്നും അറിയില്ലെന്ന നിലപാടിലായിരുന്നു വീട്ടുകാര്‍. ഒരുപക്ഷേ മീററ്റിലേക്കു പോയിട്ടുണ്ടാകാമെന്ന വിവരം സഹോദരനാണു നല്‍കുന്നത്. അതോടെ ആര്‍മി ഗെസ്റ്റ് ഹൗസുകള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം ഇടങ്ങളില്‍ തിരച്ചില്‍ ശക്തമാക്കി. സംഭവം നടന്ന് 20 മണിക്കൂറിനുള്ളില്‍ നിഖിലിനെ പിടികൂടാനുമായി. മീററ്റ് കന്റോണ്‍മെന്റില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. നിഖില്‍ രാജ്യം വിടാനുള്ള നീക്കത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

ഇയാളുടെ ഫോണിലെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതോടെ പൊലീസിനു ശക്തമായ തെളിവുകളും ലഭിച്ചു. ജനുവരി മുതല്‍ ഇതുവരെ മൂവായിരത്തിലേറെ തവണ അമിത്തും ഷൈലജയും ഫോണില്‍ സംസാരിച്ചിരുന്നു. കൊലപാതകം നടക്കുന്ന സമയം ഇയാള്‍ ബ്രാര്‍ സ്‌ക്വയറിലുണ്ടായിരുന്നതായും വ്യക്തമായി. അതോടെയാണ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ താനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നു നിഖിലിനോട് ഷൈലജ ആവശ്യപ്പെട്ടതാണു കൊലപാതകത്തിനു കാരണമെന്നാണു പൊലീസ് ഭാഷ്യം. ഷൈലജ എല്ലാവരോടും സൗഹാര്‍ദപരമായാണു പെരുമാറിയിരുന്നത്. നിഖില്‍ അത് തെറ്റിദ്ധരിച്ചതാകാമെന്നും ഷൈലജയുടെ സഹോദരന്‍ പറഞ്ഞു.

നിഖിലിനെ കോടതി നാലു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് മനിഷ ത്രിപാഠിയുടേതാണ് ഉത്തരവ്.

Similar Articles

Comments

Advertismentspot_img

Most Popular