പാലക്കാട്: ആന്ധ്രയില്‍ നിന്നു കൊണ്ടുവന്ന 4000 കിലോ ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം വാളയാറില്‍ നിന്നും പിടികൂടി. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഭഷ്യസുരക്ഷാ വിഭാഗം മീന്‍ പിടികൂടിയത്. പിടികൂടിയ മത്സ്യം വിശദ പരിശോധനയ്ക്കായി കാക്കനാട്ടെ ലാബിലേക്ക് അയച്ചു.
ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ നേരത്തെ പറഞ്ഞിരുന്നു.
മത്സ്യങ്ങള്‍ കേടുകൂടാതെ കൂടുതല്‍ കാലം സൂക്ഷിക്കുന്നതിനായി വിവിധതരം രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഓപ്പറേഷന്‍ സാഗര്‍റാണി എന്ന പേരില്‍ ഈ സര്‍ക്കാര്‍ ഒരു പുതിയ പദ്ധതി ആരംഭിച്ചത്. മൂന്ന് ഘട്ടമായാണ് ഓപ്പറേഷന്‍ സാഗര്‍ റാണി നടപ്പിലാക്കുന്നത്. മത്സ്യബന്ധന തൊഴിലാളികള്‍, ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് രാസവസ്തു പ്രയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി ബോധവത്കരണം നടത്തുകയാണ് ആദ്യഘട്ടത്തില്‍ ചെയ്തത്.