ലോകകപ്പില്‍ നിന്ന് അര്‍ജന്റീന പുറത്തായാല്‍ സൂപ്പര്‍ താരം ലയണല്‍ മെസി വിരമിക്കുമെന്ന് മുന്‍ സഹതാരം പാബ്ലോ സബലെറ്റ. ക്രൊയേഷ്യക്കെതിരെ 3-0ന് ദയനീയമായി തോറ്റതിന് പിന്നാലെയാണ് മുന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍. മെസിയെ ഓര്‍ത്ത് താന്‍ ഖേദിക്കുന്നുവെന്നും 2014ല്‍ ഫൈനലിലെത്തിയ ടീമില്‍ കളിച്ച സബലെറ്റ പറഞ്ഞു.
അര്‍ജന്റീനയ്ക്ക് വേണ്ടി കളിച്ചൊരു കിരീടം സ്വന്തമാക്കാനുളള അദ്ദേഹത്തിന്റെ അവസാനത്തെ അവസരമായിരുന്നു ഇത്. അത് കൈവിട്ടാല്‍ രാജ്യാന്തര ഫുട്‌ബോളില്‍ അദ്ദേഹം തുടരുമെന്ന് എനിക്ക് തോന്നുന്നില്ല. ആരാധകരുടെ പ്രതീക്ഷ പേറാന്‍ മെസിക്ക് ഇനി കഴിയില്ല. അദ്ദേഹം വിരമിച്ചാല്‍ അതില്‍ ഞാന്‍ അത്ഭുതപ്പെടില്ല. അത് സംഭവിച്ചേക്കാം, സബലെറ്റ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ടീമില്‍ നിന്നും ഏറെ പ്രതീക്ഷിച്ച അര്‍ജന്റീന ആരാധകര്‍ ദേഷ്യത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരാധകര്‍ വളരെയധികം കോപത്തിലാണ്. ഇതല്ല അവര്‍ പ്രതീക്ഷിച്ചത്. ഇത് അവര്‍ ഒരിക്കലും അംഗീകരിക്കില്ല. അര്‍ജന്റീനയില്‍ നിന്നും ഇത്രയും ദാരുണമായ പ്രകടനം ഞാന്‍ മുമ്പ് കണ്ടിട്ടില്ല. ഊര്‍ജ്ജമില്ലാത്ത ടീമിന്റെ ഇതുപോലത്തെ കളി വളരെ വിചിത്രമാണ്, സബലെറ്റ പറഞ്ഞു. ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ റണ്ണറപ്പായ അര്‍ജന്റീന തകര്‍ന്നടിഞ്ഞത്. ആന്റേ റെബിക്ക്, ലൂക്കാ മോഡ്രിച്ച്, ഇവാന്‍ റാകിടിച്ച് എന്നിവരാണ് ക്രൊയേഷ്യയുടെ ഗോളുകള്‍ നേടിയത്. ഇതോടെ ലോകകപ്പില്‍ അര്‍ജന്റീനയുടെ മുന്നോട്ടുള്ള വഴി തുലാസിലായി.ണ്.
നൈജീരിയയുമായാണ് അര്‍ജന്റീനയുടെ അടുത്ത കളി. അതില്‍ അവര്‍ ജയിക്കുകയും ഐസ്ലന്‍ഡ് അടുത്ത രണ്ട് മല്‍സരങ്ങളും തോല്‍ക്കുകയോ സമനിലയിലാവുകയോ ചെയ്താല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് പ്രതീക്ഷയുള്ളൂ. ഇല്ലെങ്കില്‍ 2002നുശേഷം ഒരിക്കല്‍കൂടി ഒന്നാം റൗണ്ടില്‍ തന്നെ തോറ്റു മടങ്ങേണ്ടിവരും അവര്‍ക്ക്.