ന്യൂഡല്‍ഹി: ഇന്ന് നാലാമത് രാജ്യാന്തര യോഗാദിനാചരണം. രാജ്യത്തെ ഒന്നിപ്പിക്കുന്ന ഏറ്റവും പ്രധാന ശക്തിയാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ സാഹോദര്യവും സൗഹാര്‍ദവും വളര്‍ത്തും. യോഗയിലൂടെ ഇന്ത്യയുടെ കാല്‍പ്പാടുകള്‍ ലോകം പിന്തുടരുകയാണെന്നും മോദി പറഞ്ഞു. യോഗയിലൂടെ ആരോഗ്യപൂര്‍ണമായ സമൂഹം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഡെറാഡൂണ്‍ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യോഗ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഡെറാഡൂണ്‍ മുതല്‍ ഡബ്ലിന്‍ വരെയും ഷാങ്ഹായ് മുതല്‍ ചിക്കാഗോവരെയും ജക്കാര്‍ത്ത മുതല്‍ ജോഹന്നാസ്ബര്‍ഗ് വരെയും യോഗ മാത്രമാണുള്ളത്. ലോകത്തെ പരസ്പരം ചേര്‍ത്തു നിര്‍ത്തുന്ന ശക്തിയായി ഇന്ന് യോഗ മാറിയിരിക്കുന്നു’. അതിവേഗം മാറ്റങ്ങള്‍ വരുന്ന കാലത്ത് യോഗ ഒരു വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും തലച്ചോറിനെയും ഒരുമിച്ച് ചേര്‍ത്ത് നിര്‍ത്തി സമാധാനം നല്‍കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം, യോഗ ഒരു മതാചാരമല്ലെന്നും മതാചാരമെന്ന നിലയില്‍ യോഗയെ ചിലര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും അത് പാടില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. നാലാമത് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ സംസ്ഥാനതല പരുപാടികള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗ ഒരു വ്യായാമമുറയാണ് ജാതിമതഭേതമന്യേ എല്ലാവര്‍ക്കും അത് പരിശീലിക്കാവുന്നതാണ്. ചില സൂക്തങ്ങളൊക്കെ ചൊല്ലി യോഗയെ ഹൈജാക്ക് ചെയ്യാറുണ്ട് എന്നാല്‍ സൂക്തങ്ങള്‍ ഉണ്ടാവുന്നതിന് മുന്നെ യോഗ ഉണ്ടായിട്ടുണ്ടെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കണം.സ്വതന്ത്രവും മതേതരവുമായ മനസോടുകൂടിയാണ് യോഗ പരിശീലിക്കേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.