കാറില്‍ നിന്നും റോഡരികിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ ശകാരിക്കുന്ന അനുഷ്‌കയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അനുഷ്‌കയുടെ ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ വിരാട് കൊഹ്ലിയാണ് ഈ വീഡിയോ പങ്കുവച്ചത്. നിമിഷം നേരം കൊണ്ട് തന്നെ ആരാധകര്‍ ഈ വീഡിയോ ഏറ്റെടുക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ രംഗത്തെത്തിയിരിക്കുകയാണ് ദൃശ്യങ്ങളിലെ വില്ലനായ യുവാവ്.
മുംബൈ സ്വദേശിയായ അര്‍ഹാന്‍ സിങ് എന്ന യുവാവാണ് ഫേസ്ബുക്കിലൂടെ തന്റെ പ്രതികരണമറിയിച്ചത്. താന്‍ ക്ഷമ ചോദിച്ചിട്ടും ആളുകള്‍ക്ക് മുന്നില്‍ ആളാകാനാണ് അവര്‍ ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത് എന്നാണ് അര്‍ഹാന്‍ ആരോപിക്കുന്നത്.
അര്‍ഹാന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്….
”ഈ പോസ്റ്റില്‍ നിന്ന് ഒരു നേട്ടവും എനിക്ക് കിട്ടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അതങ്ങനെ സംഭവിച്ചു പോയി. ദാരുണം എന്നല്ലാതെ വേറെന്തു പറയാന്‍. അശ്രദ്ധയെന്നു പറയാം കാറില്‍ നിന്നും ഞാന്‍ ഒരു പ്ലാസ്റ്റിക് മാലിന്യം പുറത്തേക്ക് വലിച്ചെറിഞ്ഞു പോയി. അപ്പോഴേക്കും പിന്നിലുണ്ടായിരുന്ന കാര്‍ ഒപ്പത്തിനൊപ്പമെത്തി. അപ്പോഴേക്കും കാറിന്റെ ചില്ല് മെല്ലെ താഴ്ന്നു. നോക്കിയപ്പോഴേക്കും . ഭ്രാന്ത് പിടിച്ചത് പോലെ അവര്‍ എനിക്കുനേരെ ഒച്ചയിടുകയും ആക്രോശിക്കുകയും ചെയ്തു.
ശരിയാണ് ഞാന്‍ ചെയ്തത് തെറ്റു തന്നെയാണ് അതില്‍ കുറ്റബോധവുമുണ്ട്. ക്ഷമാപണം നടത്തുകയും ചെയ്യുന്നു. എന്നാല്‍ മിസിസ് അനുഷ്‌ക്ക ശര്‍മ കോലി, സംസാരത്തില്‍ ഒരല്‍പം മാന്യതയും വിനയവും കാണിച്ചാലെന്താ നിങ്ങളുടെ താരമൂല്യം ഇടിഞ്ഞുപോകുമോ? പലതരം മര്യാദകളും ശുചിത്വങ്ങളുമുണ്ട്. വാക്കുകൊണ്ടുള്ള മര്യാദ അതിലൊന്നാണ്.
നിങ്ങളുടെ വായില്‍ നിന്ന്, നിങ്ങളുടെ ആഡംബര കാറിന്റെ വിന്‍ഡോയില്‍ നിന്ന് വന്ന മാലിന്യത്തേക്കാള്‍ എത്രയോ ചെറുതാണ് ഞാന്‍ കാറില്‍ നിന്ന് വലിച്ചെറിഞ്ഞ മാലിന്യം. അതൊക്കെ ഷൂട്ട് ചെയ്ത് ഓണ്‍ലൈനില്‍ പങ്കുവെച്ച വിരാട് കൊഹ്ലിയുടെ വൃത്തികെട്ട മനസ്സിനേക്കാള്‍ എത്രയോ ചെറിത് തന്നെയായിരുന്നു ആ മാലിന്യം”…എന്നാണ് മറുപടിയായി അര്‍ഹാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.