തിരുവനന്തപുരം: പുഷ് ബാക്ക് സീറ്റ് ഉള്‍പ്പടെ ആധുനിക സംവിധാനങ്ങളടങ്ങിയ ഇലക്ട്രിക് ബസ് ഇനി കെഎസ്ആര്‍ടിസി ബസ് ആയി കേരളത്തില്‍ ഓടും. ജൂണ്‍ 18 മുതല്‍ ആണ് സര്‍വീസ് ആരംഭിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് ബസ് ഓടിക്കും. അതിനുശേഷം കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ സര്‍വീസ് നടത്തും.
കര്‍ണാടക, ആന്ധ്ര, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന ഗോള്‍ഡ് സ്‌റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് തലസ്ഥാനത്തും പരീക്ഷണ സര്‍വീസ് നടത്തുക. ഏറെ നാളുകളായി ഇലക്ട്രിക്ക് ബസുകള്‍ നിരത്തിലിറക്കാന്‍ കെഎസ്ആര്‍ടിസി ആലോചിച്ചിരുന്നെങ്കിലും നടപടികള്‍ ഇഴയുകയായിരുന്നു. സിഎംഡിയായി ടോമിന്‍ ജെ തച്ചങ്കരി ചുമതലയേറ്റ ശേഷമാണു നടപടികള്‍ക്കു വേഗത വന്നത്.
സര്‍വീസ് വിജയകരമാണെങ്കില്‍ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകള്‍ സര്‍വീസിനിറക്കാനാണ് കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. 1.6 കോടിരൂപയാണ് ബസിന്റെ വില. ഇതു വാങ്ങാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ ബസുകള്‍ വാടയ്‌ക്കെടുത്താണ് ഓടുന്നത്. കണ്ടക്ടറെ കെഎസ്ആര്‍ടിസി നല്‍കും. കിലോമീറ്ററിനു നിശ്ചിത തുക വാടകയും നല്‍കും. അറ്റകുറ്റപ്പണി കമ്പനിയുടെ ചുമതലയാണ്.
സവിശേഷതകള്‍
ചൈനീസ് നിര്‍മാതാവായ ബിവൈഡിയുടെ സാങ്കേതിക സഹകരണത്തോടെയാണ് ബസുകള്‍ നിര്‍മിക്കുന്നത്. 40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസില്‍ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. നാലു മണിക്കൂര്‍ കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാം. ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ഓടും. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം.