എടപ്പാള്‍: വിവിധ സംഭവങ്ങളില്‍ കേരള പൊലീസിന് വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനു പിന്നാലെ തീയേറ്റര്‍ പീഡനക്കേസില്‍ പോലീസിന് വീഴ്ചയുണ്ടായെന്ന് ക്രൈംബ്രാഞ്ച്. കേസ് ആദ്യം അന്വേഷിച്ച സംഘത്തിന് കേസന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കേസില്‍ തീയേറ്റര്‍ ഉടമയുടെയും മൂന്ന് ജീവനക്കാരുടെയും മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി. കേസില്‍ പീഡന വിവരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ച തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് വിവാദമായ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.
എസ്.പി. സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി സന്തേഷ് ഉല്ലാസ് കുമാറിനാണ് അന്വേഷണ ചുമതല. കേസിലെ നാലുസാക്ഷികളും പെരിന്തല്‍മണ്ണ കോടതിയില്‍ നല്‍കിയ മൊഴികളും പോലീസ് ശേഖരിച്ചു. തുടക്കത്തില്‍ ചങ്ങരംകുളം പോലീസിന് സംഭവിച്ച വീഴ്ചകള്‍ക്ക് പുറമെ അന്വേഷണത്തിലെ വീഴ്ചകളും വിവാദത്തിലായിരുന്നു. കേസിലെ പ്രധാന സാക്ഷികളെ പ്രതിപ്പട്ടികയില്‍ പെടുത്തിയതും വിവാദത്തിന് കാരണമായി. ഈ വീഴ്ചകളൊക്കെ പരിഹരിക്കാനാണ് ക്രൈംബ്രാഞ്ചിനെ കേസിന്റെ അന്വേഷണം ഏല്‍പ്പിച്ചത്.
ആദ്യ അന്വേഷണ സംഘത്തിന് മേല്‍നോട്ടം നല്‍കിയ ഡിവൈഎസ്പി ഷാജി വര്‍ഗീസില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ ശേഖരിച്ചു. തീയേറ്റര്‍ പീഡനക്കേസും അതിലെ പോലീസ് വീഴ്ചയും ഒരേസമയം രണ്ട് ഡിവൈഎസ്പിമാര്‍ രണ്ട് വ്യത്യസ്ത അന്വേഷണം നടത്തിയിട്ടും ഇക്കാര്യം ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുകയോ നിയമോപദേശം ചെയ്യുകയോ ചെയ്തില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
തിയേറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതും വിവാദമായിരുന്നു. പൊലീസിനെ വിവരം അറിയിക്കാന്‍ വൈകിയതിനും പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനുമാണ് ചങ്ങരംകുളം ഗോവിന്ദ തിയേറ്റര്‍ ഉടമ സതീഷിനെയാണ് അറസ്റ്റ് ചെയ്തത്.
എടപ്പാളിലെ ഒരു തീയേറ്ററില്‍ ഏപ്രില്‍18 ന് ആണ് സംഭവം നടന്നത്. തീയേറ്ററിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തീയേറ്റര്‍ ഉടമ ആദ്യം ചൈല്‍ഡ് ലൈനിനായിരുന്നു കൈമാറിയത്.
തീയേറ്റര്‍ ഉടമ ചൈല്‍ഡ്‌ലൈന്‍ മുഖേന പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പ്രതി മൊയ്തീന്‍കുട്ടിക്കെതിരേ ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടതോടെ മൊയ്തീന്‍ കുട്ടി അറസ്റ്റിലാവുകയും സംഭവത്തില്‍ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ കെ.ജെ ബേബിയെ തശ്ശൂര്‍ റെയ്ഞ്ച് ഐ.ജി എം.കെ അജിത്കുമാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാര നടപടിയെന്നോണമാണ് തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്ന ആരോപണവുമുണ്ടായിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ആദ്യം മുതല്‍ പോലീസ് തീയേറ്റര്‍ ഉടമയെ കുടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പത്ത് തവണ മൊഴിയെടുക്കാനെന്ന പേരില്‍ ഇയാളെ വിളിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ ചോദ്യം ചെയ്യാനെന്ന രീതിയില്‍ ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പൊലീസിന്റെ ഈ നടപടിയില്‍ മുഖ്യമന്ത്രി പോലും അതൃപ്തി അറിയിച്ചിരുന്നു.