കോഴിക്കോട്: കേരളത്തില്‍ ചാനല്‍ പ്രേക്ഷകരേക്കാള്‍ കൂടുതല്‍ പത്രവായനക്കാരുണ്ടെന്ന് പുതിയ കണക്കുകള്‍. ചാനല്‍ പ്രളയത്തില്‍ പത്രവായനയ്ക്ക് കാര്യമായ ക്ഷതം വന്നിട്ടില്ലെ തെളിയിക്കുന്നതാണ് കണക്കുകള്‍. മാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ പഠനമായ ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വേ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പുതിയ കണക്ക്.
പുതിയ കണക്ക് പ്രകാരം കേരളത്തിലെ മറ്റെല്ലാ മാധ്യമങ്ങളെക്കാളും അധികം പ്രചാരമുള്ളത് മലയാളത്തിലെ അച്ചടി മാധ്യമങ്ങള്‍ക്കാണ്. കേബിള്‍, സാറ്റലൈറ്റ് ചാനലുകളുടെ പ്രേക്ഷകരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് പ്രിന്റ് മീഡിയ വായനക്കാര്‍. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 38 ലക്ഷം അധിക വായനക്കാര്‍ മലയാളം പ്രസിദ്ധീകരണങ്ങള്‍ക്കുണ്ടായിട്ടുണ്ട്.
മലയാള ഭാഷ അറിയുന്നവരില്‍ 66 ശതമാനം പേര്‍ സ്ഥിരം വായനക്കാരാണെന്നും മലയാളി വായന ഇഷ്ടപ്പെടുന്നെന്നും സര്‍വേ ചൂണ്ടിക്കാട്ടി. ദിനപത്രങ്ങള്‍ മാത്രം ദിവസേന 59.73 ശതമാനം പേരിലേക്കെത്തുന്നെന്നാണ് കണക്ക്. ഇത് ദേശീയ ശരാശരിയുടെ നാലിരട്ടിയാണ്. 16.55 ശതമാനമാണ് അഖിലേന്ത്യാ ശരാശരി.
ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്രയധികം ഉയര്‍ന്ന നിരക്കില്ല. ഇംഗ്ലീഷ് പത്രങ്ങളുടെ 41 മടങ്ങ് അധിക വായനക്കാര്‍ മലയാള പത്രങ്ങള്‍ക്ക് കേരളത്തിലുണ്ട്. 12 മുതല്‍ 29 വയസു വരെയുള്ളവരില്‍ 61 ശതമാനം പേരും ദിനപത്രങ്ങള്‍ വായിക്കുന്നു. അഖിലേന്ത്യാ തലത്തില്‍ ഇത് 16 ശതമാനം മാത്രമാണ്.