കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തിലേക്ക് മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് സൂചന. മോഹന്‍ലാല്‍ പ്രസിഡന്റാകുമ്പോള്‍ കെ.ബി ഗണേഷ്‌കുമാറും മുകേഷും വൈസ് പ്രസിഡന്റുമാരാകും. ഇരുവരും ഇടതുപക്ഷ എം.എല്‍.എമാരുമാണ്.
നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ മോഹന്‍ലാലിനോട് മത്സരിക്കാന്‍ ആരും രംഗത്തെത്തിയിട്ടില്ലെന്നാണ് അമ്മയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബുവും ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖും എത്തിയേക്കും. ദിലീപിനു വേണ്ടി മുന്‍പ് ട്രഷറര്‍ സ്ഥാനം ഒഴിഞ്ഞുനല്‍കിയ ജഗദീഷ് മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ട്.
എം.പി കൂടിയായ ഇന്നസെന്റ് 17 വര്‍ഷമായി അമ്മ പ്രസിഡന്റ് സ്ഥാനത്ത് തടുരുകയാണ്. പദവി ഒഴിയാന്‍ ഇന്നസെന്റ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പൊതുസ്വീകാര്യന്‍ എന്ന നിലയിലാണ് മോഹന്‍ലാലിന് സാധ്യതയേറിയത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മമ്മൂട്ടിയും മാറും. നിലവില്‍ ഓസ്ട്രേലിയയിലുള്ള മോഹന്‍ലാല്‍ ജനറല്‍ ബോഡി യോഗത്തിനു മുന്‍പ് തിരിച്ചെത്തും. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം അമ്മയിലുണ്ടായ അസ്വസ്ഥതയും വനിതാ സംഘടനയായ ഡബ്ല്യൂസിസിയുടെ രൂപീകരണവുമാണ് നേതൃമാറ്റത്തിന് അമ്മയെ പ്രേരിപ്പിക്കുന്നത്.