കോഴിക്കോട്: ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്ബോളിന്റെ കമന്‍ട്രി ഇത്തവണ മലയാളത്തിലും. സോണി ഇ.എസ്.പി.എന്‍ ചാനലിലാണ് മലയാളം കമന്‍ട്രിയോടെ ഫിഫയുടെ സംപ്രേഷണം ഉണ്ടാവുക. ഷൈജു ദാമോദരനാണ് ഇക്കാര്യം അറിയിച്ചത്.
‘ഫുട്ബോള്‍ മലയാളത്തിന് സ്വപ്ന സാക്ഷാത്കാരം, ലോകകപ്പ് ലൈവ് ഇന്‍ മലയാളം സോണി ഇ.എസ്.പി.എനിലേക്ക് സ്വാഗതം, കമന്‍ട്രി ബോക്സില്‍ ഞാന്‍’ എന്ന കുറിപ്പോടെയാണ് ഷൈജു ഫേസ്ബുക്ക് ലൈവില്‍ ഇക്കാര്യം പറഞ്ഞത്.
ഐ.എസ്.എലില്‍ നിങ്ങള്‍ നെഞ്ചേറ്റിയത് പോലെ റഷ്യന്‍ ലോകകപ്പിലും കൂടെ ഉണ്ടാകണമെന്ന് ഷൈജു ആവശ്യപ്പെട്ടു. തെറ്റ് കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണമെന്നും വിമര്‍ശിക്കണമെന്നും അദ്ദേഹം ഫുട്ബോള്‍ ആരാധകരോട് പറഞ്ഞു.
ഇനി 5 ദിവസം മാത്രമാണ് ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫിന് ബാക്കിയുള്ളത്. ജൂണ്‍ 14ന് രാത്രി 8.30നാണ് ഉദ്ഘാടന മത്സരം. താരങ്ങളെയും ആരാധകരെയും വരവേല്‍ക്കാന്‍ റഷ്യയിലെ പതിനൊന്ന് നഗരങ്ങളും അതിലെ പന്ത്രണ്ട് സ്റ്റേഡിയങ്ങളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കാത്തിരിക്കുകയാണ്.
മത്സരത്തില്‍ പങ്കെടുക്കാനായി ടീമുകള്‍ റഷ്യയിലേക്ക് എത്തിത്തുടങ്ങി. ഇറാനാണ് ആദ്യമായി മോസ്‌കോയില്‍ വിമാനമിറങ്ങിയത്. സംഘാടകരും ഇറാന്‍ ആരാധകരും ടീമംഗങ്ങളെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഞായറാഴ്ചയോടു കൂടി ടീമുകളുടെ സന്നാഹ മത്സരങ്ങള്‍ പൂര്‍ത്തിയാകും. ഇതോടെ മുഴുവന്‍ ടീമുകളും റഷ്യയില്‍ എത്തിച്ചേരും. ജേതാക്കള്‍ക്ക് നല്‍കേണ്ട കിരീടം ലോകം മുഴുവന്‍ സഞ്ചരിച്ച ശേഷം ആതിഥേയ നഗരമായ മോസ്‌കോയില്‍ കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്നു. മോസ്‌കോയില്‍ നടന്ന ചടങ്ങില്‍ ജര്‍മന്‍ ഇതിഹാസം ലോതര്‍ മത്തേയൂസ് ലോകകപ്പ് ഏറ്റുവാങ്ങി.
ആതിഥേയരായ റഷ്യ-സൗദി അറേബ്യയെയാണ് ആദ്യ മത്സരത്തില്‍ നേരിടുക. ഗ്രൂപ്പ് മത്സരങ്ങള്‍ ജൂണ്‍ 26ന് അവസാനിക്കും. ജൂണ്‍ മുപ്പത് മുതല്‍ നോക്കൌട്ട് മത്സരങ്ങള്‍ ആരംഭിക്കും.ജൂലൈ പതിനഞ്ചിനാണ് കലാശപ്പോര്.