തിരുവനന്തപുരം: ആലുവ എടത്തലയിലെ പൊലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ നടത്തിയ തീവ്രവാദ പരാമര്‍ശത്തില്‍ നിയമസഭ പ്രക്ഷുബ്ദമായി. തങ്ങള്‍ തീവ്രവാദികളാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കറുത്ത ബാഡ്ജ് അണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ എത്തിയത്.
മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭനിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് നടുത്തളത്തിലേക്ക് ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ പിന്നീട് സഭ ബഹിഷ്‌ക്കരിച്ചു. താന്‍ മറുപടി പറയാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം ഇക്കാര്യം സമ്മതിക്കാന്‍ തയ്യാറായില്ല.
മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭയ്ക്കും സംസ്ഥാനത്തിനും അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷത്തിന്റേത് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.
തീവ്രവാദികള്‍ക്കായി പ്രതിപക്ഷം വക്കാലത്ത് പിടിക്കുകയാണെന്നും പ്രതിപക്ഷത്തിരുന്ന് ഒച്ചയെടുക്കുന്ന ചിലര്‍ അത്തരക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം കഴിഞ്ഞ ദിവസം നിയമസഭയില്‍ വാക്പോരിനും വന്‍ബഹളത്തിനുമിടയാക്കിയിരുന്നു.