പിരിച്ചുവിടാനാകും; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരേ നടപടിയെടുക്കാമെന്ന് നിയമോപദേശം

തിരുവനന്തപുരം: കോട്ടയത്ത് പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവ് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ വീഴ്ച പറ്റിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി ഉറപ്പായി. വീഴ്ച വരുത്തിയ പൊലീസുകാരെ പിരിച്ചുവിടുന്നതിനു നിയമതടസമില്ലെന്ന് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. കോട്ടയം അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പിരിച്ചുവിടണോ തരംതാഴ്ത്തണോ എന്നു തീരുമാനിക്കുക. ഇതു സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐ അടക്കം നാലു പേര്‍ക്കു ഇന്നു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും.

കെവിനെ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം വീട് കയറി ആക്രമിച്ചു തട്ടിക്കൊണ്ടുപോയത് അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്നവരാണു ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എസ്‌ഐ എം.എസ്. ഷിബു, എഎസ്‌ഐ ബിജു, െ്രെഡവര്‍ അജയകുമാര്‍ എന്നിവര്‍. ഈ വീഴ്ചയ്ക്കു സസ്‌പെന്‍ഷന്‍ എന്നതിനപ്പുറം പിരിച്ചുവിടല്‍ എന്ന കടുത്ത നടപടി വേണമെന്നാണു സര്‍ക്കാരിന്റെ തീരുമാനം. അതിന്റെ നിയമസാധുത പരിശോധിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയോടും ഡിജിപിയോടും നിര്‍ദേശിച്ചിരുന്നു. കേരള പൊലീസ് ആക്ടില്‍ 2012ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം വകുപ്പ് തല അന്വേഷണം നടത്തി പിരിച്ചുവിടാനാവും.

പിരിച്ചുവിടുന്നതിനു മുന്‍പ് ആരോപണ വിധേയരുടെ വിശദീകരണം വാങ്ങണമെന്നും ചട്ടത്തില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ക്കു ഡിജിപി തുടക്കമിടുകയും ചെയ്തു. അതിനാണ് ഐജി വിജയ് സാഖറെ നടത്തുന്ന അന്വേഷണത്തിനു പുറമെ കോട്ടയം അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പുതിയ വകുപ്പുതല അന്വേഷണം. ഇതിന്റെ ഭാഗമായി 15 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് ആരോപണവിധേയര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും.

ഇതിനു പിന്നാലെ ഇവരുടെ വീഴ്ച വ്യക്തമാക്കുന്ന ഡിവൈഎസ്പി റിപ്പോര്‍ട്ട് ലഭിച്ച ശേഷം പിരിച്ചുവിടുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. സര്‍ക്കാരിനു നാണക്കേടുണ്ടാക്കുന്ന പൊലീസ് വീഴ്ചകള്‍ പതിവായതോടെ പരിഹാരമെന്ന നിലയില്‍ കുറ്റക്കാരെ പിരിച്ചുവിടണമെന്നു മുഖ്യമന്ത്രി വിളിച്ച മുന്‍ ഡിജിപിമാരുടെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നതും കടുത്തനടപടികള്‍ വേഗത്തിലാക്കാന്‍ കാരണമായി.

അതിനിടെ, കേസില്‍ അറസ്റ്റിലായ പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. എഎസ്‌ഐ, ഡ്രൈവര്‍ എന്നിവര്‍ക്കാണ് ഏറ്റുമാനൂര്‍ കോടതി ജാമ്യം അനുവദിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7