കൂട്ടുകാരന്‍ ചതിച്ചു; പ്രവാസി മലയാളി ഗള്‍ഫില്‍ ജയിലിലായി; ഒടുവില്‍ ശാപമോക്ഷം

കാഞ്ഞങ്ങാട്: ജീവിതം രക്ഷപ്പെടാനായി വീടും നാടും വിട്ട് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാനം കയറുന്നവരുടെ സ്വപ്‌നങ്ങള്‍ വാനോളമായിരിക്കും. എന്നാല്‍ ഇങ്ങനെ ഗള്‍ഫിലേക്ക് ചേക്കേറിയ ഒരു പ്രവാസി മലയാളിക്ക് ഉണ്ടായ ദുരനുഭവമാണ് ഇത്. ഏറെക്കാലത്തെ ദുരിതങ്ങള്‍ക്ക് ശേഷം ഒടുവില്‍ സ്വാതന്ത്ര്യം നേടിയ അവസ്ഥയാണ് കാഞ്ഞങ്ങാട് സ്വദേശിയായ റാഷിദിന്റേത്.
സുഹൃത്തിന്റെ ചതിയില്‍ കുടുങ്ങി കുവൈത്ത് ജയിലിലായ മീനാപ്പീസിലെ ചേലക്കാടത്ത് റാഷിദ് ജയില്‍മോചിതനായി നാട്ടിലെത്തിയിരിക്കുന്നു. പുണ്യറമസാനില്‍ പ്രിയപ്പെട്ടവരുടെ അടുക്കലേക്കു തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തിലാണ് റാഷിദ്. കുവൈത്ത് അബ്ബാസിയയില്‍ ഇന്റര്‍നെറ്റ് കഫെ ജീവനക്കാരനായ റാഷിദ് 2014 ജൂണ്‍ 25നു രാത്രി അവധി കഴിഞ്ഞു മടങ്ങുമ്പോഴാണു ലഗേജില്‍ ലഹരിമരുന്നുമായി കുവൈത്ത് വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്.

തുടര്‍ന്നു ജയിലിലായി. റാഷിദിനോടു കുവൈത്തിലുള്ള സുഹൃത്ത് പഴയങ്ങാടി മാട്ടൂലിലെ ഫവാസ് തന്റെ പിതാവിന്റെ കണ്ണടയും മരുന്നും അടങ്ങുന്ന പായ്ക്കറ്റ് വാങ്ങിക്കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. തനിക്കു മാട്ടൂലില്‍ പോയി പായ്ക്കറ്റ് വാങ്ങാന്‍ സമയമുണ്ടാകില്ലെന്നു റാഷിദ് പറഞ്ഞതിനെ തുടര്‍ന്ന് ഒരു അപരിചിതന്‍ കാഞ്ഞങ്ങാട്ട് വന്നു പായ്ക്കറ്റ് റാഷിദിനെ ഏല്‍പിച്ചു. ലഹരിമരുന്നാണെന്നറിയാതെ റാഷിദ് പായ്ക്കറ്റ് ഭദ്രമായി ലഗേജില്‍ വയ്ക്കുകയായിരുന്നു.

ലഹരിമരുന്നു കൈവശം വച്ചതിനു കോടതി റാഷിദിനു 10ലക്ഷം രൂപ പിഴയും അഞ്ചുവര്‍ഷം തടവും വിധിച്ചു. അപ്പീല്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. റാഷിദിന്റെ മോചനത്തിനായി വീട്ടുകാരും നാട്ടുകാരും കുവൈത്തിലെ സുഹൃത്തുക്കളും കഠിനശ്രമത്തിലായിരുന്നു. ജനകീയ സമിതി രൂപീകരിക്കുകയും കേസ് നടത്താന്‍ അഭിഭാഷകനെ ഏര്‍പ്പെടുത്തുകയും ചെയ്തു. ഒടുവില്‍ കുവൈത്ത് രാജാവ് റാഷിദിന്റെ ശിക്ഷ കുറയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കുവൈത്തില്‍ നിന്നു മുംബൈക്കു റാഷിദിനെ വിമാനം കയറ്റി വിട്ടത്.

അവിടെ നിന്നു സുഹൃത്തുക്കളുടെ സഹായത്തോടെ ഞായറാഴ്ച രാത്രി മംഗളൂരു വിമാനത്താവളത്തിലെത്തി. റാഷിദിന്റെ പിതാവ് അബൂബക്കര്‍ 2016 മാര്‍ച്ചിലാണ് മരിച്ചത്. കണ്ണീരോടെ കാത്തിരിക്കുകയായിരുന്ന ഉമ്മ കുഞ്ഞായിസക്കും സഹോദരി റാഷിദയ്ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ദുഃഖത്തിലും ആനന്ദത്തിലും കുതിര്‍ന്നൊരു പെരുന്നാളാണ് ഇക്കുറി റാഷിദിന്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7