സുഷമയുമായി തിരുവനന്തപുരത്ത് നിന്ന് പറന്ന വിമാനം ‘അപ്രത്യക്ഷമായി’; സംഭവം എയര്‍പോര്‍ട്‌സ് അതോറിറ്റി സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ആശങ്കാജനകമായ നിമിഷങ്ങളായിരുന്നു അത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി തിരുവനന്തപരുത്തുനിന്നും മൗറീഷ്യസിലേക്കു പോയ വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുമായി ബന്ധം നഷ്ടമായി. ശനിയാഴ്ച ഉച്ച കഴിഞ്ഞ് 14 മിനിറ്റ് നേരത്തേക്കാണ് സംഭവം ഉണ്ടായത്.. അഞ്ചു ദിവസത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പുറപ്പെട്ട സുഷമ സ്വരാജുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന വിവിഐപി വിമാനം ‘മേഘ്ദൂതി’നാണു ബന്ധം നഷ്ടമായത്. വിമാനം മൗറീഷ്യസിന്റെ വ്യോമ പരിധിയിലേക്കു പ്രവേശിച്ചതിനു പിന്നാലെയായിരുന്നു ഇത്.

ഇക്കാര്യം എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. ഡല്‍ഹി–-തിരുവനന്തപുരം–-മൗറീഷ്യസ് വഴി ദക്ഷിണാഫ്രിക്കയിലേക്കായിരുന്നു വിദേശകാര്യമന്ത്രിയുടെ യാത്ര. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2:08നാണു വിമാനം പറന്നുയര്‍ന്നത്. വൈകുന്നേരം മൗറീഷ്യസിന്റെ വ്യോമപരിധിയില്‍ പ്രവേശിച്ചതിനു പിന്നാലെ 4:44 മുതല്‍ 4:58 വരെ മാലി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിനു വിമാനവുമായി ബന്ധം നഷ്ടമാവുകയായിരുന്നു. വിമാനവുമായി അവസാനം ബന്ധം പുലര്‍ത്തിയ ചെന്നൈ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു.

വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ട കാര്യം മൗറീഷ്യസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിമാനവുമായുള്ള ബന്ധം നഷ്ടമാവുകയും ഇക്കാര്യത്തില്‍ അനിശ്ചിതത്വം ഉടലെടുക്കുകയും ചെയ്യുമ്പോള്‍ നല്‍കുന്ന ‘ഇന്‍സെര്‍ഫ’ (INCERFA) അലാമും നല്‍കി. വിമാനം കാണാതാകുമ്പോള്‍ നല്‍കുന്ന മൂന്നു മുന്നറിയിപ്പുകളില്‍ ആദ്യത്തേതാണിത്. വൈകുന്നേരം 4:44നാണ് ഈ അലാം നല്‍കിയത്. ആശങ്ക വളരുന്നതിനിടെ 4:58ന് പൈലറ്റ് മൗറീഷ്യസ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കു സന്ദേശം അയച്ചതോടെ ആശങ്ക അകന്നു. വിമാനവുമായുള്ള ബന്ധം നഷ്ടമായി 30 മിനിറ്റിനകം പുനഃസ്ഥാപിക്കാന്‍ സാധിച്ചില്ലെങ്കിലാണ് ‘കാണാതായതായി’ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

പത്തു മിനിറ്റിലേറെ നേരം അധികാര കേന്ദ്രങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമും വിമാനവുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു. മൗറിഷ്യസിലെത്തിയ വിദേശകാര്യമന്ത്രി, മുന്‍നിശ്ചയപ്രകാരം പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജഗ്‌നാഥുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലേക്കു യാത്ര തിരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7