‘മനുഷ്യ ജീവന് പുല്ലുവില കല്‍പിക്കുന്ന അമൃത ഹോസ്പിറ്റലിന്റെ പച്ചയായ മുഖം എല്ലാവരും അറിയണം’ ഇനി ഒരു പെങ്ങളോ അമ്മയോ അച്ഛനോ ഇങ്ങനെ കരയരുത്; സഹോദരന്റെ മരണം ചികിത്സാ പിഴവെന്ന് സഹോദരി

കൊച്ചി: കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ച് തന്റെ സഹേദരന്‍ മരണപ്പെടാന്‍ കാരണം ചികിത്സാപ്പിഴവും ഡോക്ടറുടെ അനാസ്ഥയുമാണെന്ന ആരോപണവുമായി പെണ്‍കുട്ടി. ഫേസ്ബുക്കിലൂടെയാണ് 25 വയസുകാരനായ തന്റെ സഹോദരന്റെ മരണ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി രംഗത്ത് വന്നിരിക്കുന്നത്.

തന്റെ സഹോദരന്‍ സൂരജ് അകാലത്തില്‍ മരണപ്പെടാന്‍ കാരണം അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ശ്രദ്ധയില്ലായ്മയും അനാസ്ഥയും മാത്രമായിരുന്നുവെന്നും ഇനിയൊരാള്‍ക്ക് കൂടി ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് താന്‍ ഇക്കാര്യങ്ങള്‍ കുറിക്കുന്നതെന്നുമാണ് സൂരജിന്റെ സഹോദരി ശ്രീലക്ഷ്മി പറയുന്നത്.

ട്യൂമറിന് ചികിത്സയിലായിരുന്ന സൂരജ് മെയ് 13നാണ് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. എന്നാല്‍ സൂരജിന് ട്യൂമറിന്റെ തുടക്കം മാത്രമായിരുന്നുവെന്നും കീമോതെറാപ്പിയിലൂടെ പൂര്‍ണമായും സുഖപ്പെടുത്താന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും ശ്രീലക്ഷ്മി പോസ്റ്റില്‍ പറയുന്നു.

ഒന്നും തന്നെ പേടിക്കാനില്ലെന്ന ഡോക്ടര്‍മാര്‍ നല്‍കിയ ഉറപ്പ് കൂടാതെ തനിക്ക് ഒരു കുഴപ്പവും ഇല്ല എന്ന ആത്മവിശ്വാസം സൂരജിന് ഉണ്ടായിരുന്നെന്നും ശ്രീലക്ഷ്മി പറയുന്നു. ഓപ്പറേഷന്‍ പോലും വേണ്ടിവരില്ലെന്നും കീമോതൊറാപ്പി ചെയ്താല്‍ മാറുന്ന അസുഖമേ ഉള്ളുവെന്നും ഡോക്ടര്‍ ഉറപ്പ് നല്‍കിയതായും ഇതിന് സൈഡ് ഇഫക്റ്റ് ഉണ്ടോ എന്ന് ചോദ്യത്തിന് മുടി കൊഴിയുക മാത്രമേയുള്ളു എന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നെന്നും ശ്രീലക്ഷ്മി പറഞ്ഞു.

കീമോതെറാപ്പി ചെയ്തു തുടങ്ങി 3 കീമോ കഴിഞ്ഞ ശേഷം പിന്നീട് നെഞ്ചുവേദനയുണ്ടായിരുന്നെന്നും എന്നാല്‍ ഡോക്ടറോട് പറഞ്ഞപ്പോള്‍ അത് സ്വാഭാവികമാണെന്ന് പറഞ്ഞ് അവഗണിക്കുകയായിരുന്നുവെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി.

ഇടയ്ക്കിടെ വരുന്ന നെഞ്ചുവേദനയുമായി ഒരു മാസത്തോളമാണ് സൂരജ് തള്ളിനീക്കിയത്. ഈ സമയങ്ങളിലൊക്കെ ചികിത്സിക്കുന്ന ഡോക്ടറോട് പറഞ്ഞിരുന്നുവെങ്കിലും അവഗണിക്കുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചുമച്ചു തുപ്പിയതില്‍ ചോരയുടെ അംശം കണ്ടു. അതു ഡോക്ടറോട് പറഞ്ഞു. ‘ചുമച്ചു തുപ്പിയാല്‍ അതിപ്പോ നീ ആയാലും ഞാന്‍ ആയാലും ചോര ഒക്കെ കാണും നീ ഒന്നു പേടിക്കാതെ ചുമ്മാ ഇരി സൂരജെ’ എന്നു പറഞ്ഞു കളിയാക്കി ചിരിച്ചിട്ട് പോയെന്നും ശ്രീലക്ഷ്മി പറഞ്ഞു.

‘പിന്നീട് സി.ടി സ്‌കാന്‍ എടുക്കാന്‍ പോയ അവസരത്തില്‍ ജൂനിയര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്‌കാന്‍ ചെയ്തപ്പോള്‍ ബ്ലോക്ക് കണ്ടു. അതിന്റെ കാരണം ചോദിച്ചപ്പോള്‍ പറഞ്ഞത് കീമോ ചെയുന്ന ആളുകളില്‍ 100ഇല്‍ ഒരാള്‍ക്ക് ഇങ്ങനെ വരാം എന്നു….. ഇത് അറിയാമെങ്കില്‍ എന്ത് കൊണ്ട് ആ ഒരാള്‍ എന്റെ ഏട്ടനായിക്കൂടാ എന്നു ഇവര്‍ ചിന്തിച്ചില്ല… എന്തുകൊണ്ട് ഇത്രയും ലക്ഷണങ്ങള്‍ കാണിച്ചിട്ടും അതിനു ചികിത്സിച്ചില്ല അവിടെയും അവര്‍ ബ്ലോക്കിനെ നിസാരവത്കരിച്ചു’. ശ്രീലക്ഷ്മി പറയുന്നു.

ഇഞ്ചെക്ഷന്‍ എടുത്താല്‍ മാറുന്നതേയുള്ളു എന്നാണ് പറഞ്ഞത്. ഇതിന് അധിക ചിലവാകില്ലെന്നും പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ പെട്ടന്ന് തകിടം മറിഞ്ഞെന്നും സഹോദരന്‍ മരണപ്പെട്ടെന്നും ശ്രീലക്ഷ്മി പറഞ്ഞു. എന്നാല്‍ അവിടെയും തീര്‍ന്നില്ല അമൃത ഹോസ്പിറ്റലിന്റെ പണത്തോടുള്ള ആര്‍ത്തിയെന്നും ശ്രീലക്ഷ്മി പറയുന്നു.

അന്നുവരെ ഉള്ള എല്ലാ ബില്ലും കൊടുത്തിട്ടും സൂരജിന്റെ ബോഡി വിട്ടുതരാന്‍ വീണ്ടും പണം ആവശ്യപ്പെട്ടെന്നും ശ്രീലക്ഷ്മി പറയുന്നു. ഇതെല്ലാം പറഞ്ഞത് നഷ്ടപ്പെട്ട പണത്തിന്റെ കാര്യം അറിയിക്കാനല്ലെന്നും മനുഷ്യ ജീവന് പുല്ലുവില കല്പിക്കുന്ന അമൃത ഹോസ്പിറ്റലിന്റെ പച്ചയായ മുഖം എല്ലാവരും അറിയുവാനും ഇനി ഒരു പെങ്ങളോ അമ്മയോ അച്ഛനോ ആരും കരയരുതെന്നും, തന്റെ ഏട്ടനെ പോലൊരു സ്വപ്നവും നഷ്ടപ്പെട്ട് പോവരുതെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണെന്നും ശ്രീലക്ഷ്മി പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7