നിപ്പയെ പ്രതിരോധിക്കാന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് മരുന്നെത്തിച്ചു; ജപ്പാനില്‍ നിന്ന് മരുന്ന് കൊണ്ടുവരാനുള്ള ശ്രമം പുരോഗമിക്കുന്നു

കോഴിക്കോട്: നിപ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് മരുന്നെത്തിച്ചു. ഹ്യൂമണ്‍ മോണോക്ലോണ്‍ ആന്റിബോഡി എം 102.4 എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചത്. ഐ.സി.എം.ആറില്‍ നിന്നുള്ള വിദഗ്ദ്ധര്‍ എത്തിയ ശേഷം മാത്രമായിരിക്കും മരുന്ന് ഉപയോഗിക്കുക.

ജപ്പാനില്‍ നിന്ന് ഫാവിപിരാവിര്‍ എന്ന മരുന്ന് കൊണ്ടുവരാനുള്ള ശ്രമവും ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്. നിപ്പ ബാധിച്ച രോഗികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരെല്ലാം ചികിത്സ തേടാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ ചികിത്സയിലാണ്. 12 പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടി. രോഗികളുമായി അടുത്തിടപഴകിയിട്ടുള്ള 1450 പേര്‍ നിരീക്ഷണത്തിലാണ്.

രോഗം ആദ്യ ഘട്ടത്തില്‍ തന്നെ നിയന്ത്രണവിധേയമായെന്ന കണക്കുകൂട്ടല്‍ തെറ്റിച്ചു കൊണ്ടാണ് രണ്ടാം ഘട്ടത്തിന്റെ വ്യാപനം. കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തിലെ റസിലിന്റെ മരണമാണ് രണ്ടാംഘട്ട നിപ്പ വ്യാപനമെന്ന നിഗമനത്തിന്റെ അടിസ്ഥാനം. റസില്‍ ബാലുശേരിയിലെ താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്.

നിപ്പ ബാധയെത്തുടര്‍ന്ന് മരിച്ച ഇസ്മായിലും ഈ സമയത്ത് ഇവിടെ ചികിത്സയിലുണ്ടായിരുന്നു. ഇവിടെ നിന്നാണ് റസിലിന് വൈറസ് ബാധ ഏറ്റതെന്നാണ് സംശയം. പനി മാറി വീട്ടിലെത്തിയ റസിലിന് വീണ്ടും അസുഖം വന്നതോടെ മേയ് 27ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും വ്യാഴാഴ്ച മരണം സംഭവിച്ചു.

ഒന്നാം ഘട്ടത്തെ നല്ല നിലയില്‍ പ്രതിരോധിച്ചെങ്കിലും അതിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് ജൂണ്‍ 5 വരെയാണ് കണക്കാക്കിയിരുന്നത്. അതിനുള്ളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ രോഗം കൂടുതല്‍ പേരിലേക്ക് പകരില്ലെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വ്യാഴാഴ്ച റസില്‍ എന്ന യുവാവ് നിപ്പ ബാധിച്ച് മരിച്ചതോടെ ആശുപത്രികളില്‍ ഒരുക്കിയിരിക്കുന്ന മുഴുവന്‍ സംവിധാനങ്ങളും തുടരാനാണ് തീരുമാനം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7