കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന് വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കെവിന്റെ വീട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. സര്‍ക്കാരും പാര്‍ട്ടിയും ഇരയ്ക്കൊപ്പമാണെന്നും സംഭവത്തില്‍ പ്രതികളായ ആരെയും സംരക്ഷിക്കില്ലെന്നും ഉറപ്പ് നല്‍കി.
കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ സംഘടന പുറത്താക്കിയത് പോലെ മറ്റ് പാര്‍ട്ടികളും കൃത്യത്തില്‍ പങ്കാളികളായ തങ്ങളുടെ പ്രവര്‍ത്തകരെ പുറത്താക്കുമോ എന്ന് കോടിയേരി ചോദിച്ചു. കോണ്‍ഗ്രസുകാരായ പ്രതികളെപ്പറ്റി കോണ്‍ഗ്രസിന് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും സംഭവത്തില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
നീനയുടെ പരാതി സ്വീകരിച്ച പൊലീസിന് നടപടിയെടുക്കുന്നതില്‍ വീഴ്ച പറ്റി. കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും പ്രതികള്‍ക്ക് ശക്തമായ ശിക്ഷ വാങ്ങി നല്‍കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.