ഇന്ധനവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു,അധികനികുതി വരുമാനം വേണ്ടെന്ന് വെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഇന്ധനവില റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്ന പശ്ചാത്തലത്തില്‍ വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. കുതിച്ചുയരുന്ന ഇന്ധനവിലയില്‍ അധികനികുതി വരുമാനം വേണ്ടെന്ന് വെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന് കരുതുന്നില്ലെന്നും തോമസ് ഐസക്ക് പ്രതികരിച്ചു.

കുതിച്ചുയരുന്ന ഇന്ധന വില പിടിച്ചുനിര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ നീളുകയാണ്. വില നിയന്ത്രിക്കാന്‍ നടപടികളുണ്ടാവുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.

രാജ്യാന്തര വിപണിയിലെ വില വര്‍ധനയുടെ ചുവടു പിടിച്ച് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുകയാണ്. സര്‍വകാല റെക്കോഡിലെത്തിയ പെട്രോള്‍ വില മുംബൈയില്‍ എണ്‍പത്തിയഞ്ചു രൂപയിലെത്തി. രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും എണ്‍പതു രൂപയാണ് വില. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടലിനായുള്ള മുറവിളികള്‍ ശക്തമായത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7