തിരുവനന്തപുരം: ഒരുപാട് വാഗ്ദാനങ്ങളുമായാണ് കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നടപ്പിലാക്കിയത്. അത്യാവശ്യ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവുണ്ടാകുമെന്നായിരുന്നു ആദ്യം പറഞ്ഞത്. ജിഎസ്ടി നടപ്പിലാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു മാറ്റവും ഇതിലൊന്നും ഉണ്ടായില്ല. മാത്രല്ല, ജനങ്ങള്‍ക്ക് തിരിച്ചടിയാകുന്നതായിരുന്നു ജിഎസ്ടിയിലെ നിയമങ്ങള്‍. ഹോട്ടല്‍ വിലയും, കോഴിയിറച്ചിയുടെ വിലയും വന്‍ തോതില്‍ കുറയുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇപ്പോള്‍ എല്ലാം പഴയതിനേക്കാള്‍ കുതിച്ചുകേറിക്കൊണ്ടിരിക്കുന്നു. ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ കോഴിയിറച്ചി വില നിയന്ത്രിക്കുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം ചര്‍ച്ചയായിരുന്നു. വ്യാപാരികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയ അദ്ദേഹത്തിന്റെ നടപടി ശ്രദ്ധനേടി. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് കോഴിയിറച്ചി വില കിലോഗ്രാമിന് 200 രൂപ കടക്കുമെന്ന സ്ഥിതിയാണ്. കനത്ത ചൂടും ജലദൗര്‍ലഭ്യവും മൂലം തമിഴ്‌നാട്ടിലെ ഫാമുകളില്‍ കോഴികള്‍ ചത്തൊടുങ്ങുന്നതാണ് വില കൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. അതേസമയം റംസാന്‍ എത്തുന്നതോടെ വില ഇനിയും കുതിയ്ക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
ആഴ്ചകള്‍ക്ക് മുന്‍പ് 65 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ കോഴിയുടെ വില 140ലേക്ക് കുതിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും 200 രൂപയില്‍ എത്താമെന്ന് വ്യാപാരികള്‍ പറയുന്നു. ഇതോടെ ജിഎസ്ടിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി കോഴിയിറച്ചി വില നിയന്ത്രിക്കുമെന്ന മന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനമാണ് പാഴ്‌വാക്കായത്. കോഴി ഇറച്ചിയുടെ വില 100 കടക്കാതെ നിലനിര്‍ത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം നിലനില്‍ക്കെയാണ് വില കുതിക്കുന്നത്. ജനരോഷം ഉയരുന്നതിന് ഇത് കാരണമായിട്ടുണ്ട്.