ന്യൂഡല്‍ഹി: ശ്രീദേവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. സംവിധായകന്‍ സുനില്‍ സിംഗ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് കാണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്.
നേരത്തെ ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ബോളിവുഡ് നടി ശ്രീദേവി ദുബൈയിലെ ഹോട്ടലില്‍ വച്ചാണ് മരണപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി 24നാണ് ദുബായിലെ ഹോട്ടലിലെ ബാത്ത് ടബില്‍ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ബോണി കപൂര്‍ ഹോട്ടല്‍ റൂമില്‍ തന്നെ ഉള്ള സമയത്തായിരുന്നു അപകടമുണ്ടായത്. മരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷമായിരുന്നു യുഎഇ ഗവണ്‍മെന്റ് മൃതദേഹം വിട്ടുനല്‍കിയത്.
എന്നാല്‍, ശ്രീദേവിയുടെ പേരില്‍ ഒമാനില്‍ 240 കോടിയുടെ ഇന്‍ഷ്വറന്‍സ് ഉണ്ടായിരുന്നുവെന്നും ഈ തുക യു.എ.ഇയില്‍ വച്ച് മരണപ്പെട്ടാല്‍ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ എന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം കണക്കിലെടുത്ത് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സമാന രീതിയിലുള്ള രണ്ട് ഹര്‍ജികള്‍ നേരത്തെ തള്ളിയത് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി നിരസിക്കുകയായിരുന്നു.