കണ്ണൂര്‍: മാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ബാബുവിനെ കൊന്നത് പത്തംഗസംഘമെന്ന് പൊലീസ്. ബൈക്കില്‍ വരികയായിരുന്ന ബാബുവിനെ അക്രമി സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് മാഹി എസ്‌ഐ ബി. വിബല്‍കുമാര്‍ പറഞ്ഞു. ന്യൂമാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിനെ കൊലപ്പെടുത്തിയത് എട്ടംഗസംഘമാണെന്നും പൊലീസ് പറയുന്നു. മാഹിയില്‍ ഇന്നലെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടും. പുതുച്ചേരി പൊലീസ് കേരളത്തോടു സഹായം തേടിയിട്ടുണ്ട്. സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാവുന്നതു തടയാനാണ് പൊലീസിന്റെ ശ്രമം. ഇത്തരം കേസുകളുടെ അന്വേഷണത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ഡിജിപി പറഞ്ഞു. രാത്രി ഒന്‍പതേകാലിനാണു സിപിഎം നേതാവായ ബാബു കണ്ണിപ്പൊയിലിനു വെട്ടേല്‍ക്കുന്നത്. ബൈക്കില്‍ വീട്ടിലേക്കു പോകുംവഴി പള്ളൂര്‍ കൊയ്യോടന്‍ കോറോത്ത് ക്ഷേത്രത്തിനു സമീപത്തുവെച്ചായിരുന്നു ആക്രമണം. ഉടന്‍തന്നെ തലശേരിയിലുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്കും കഴുത്തിനും വയറിനുമാണു വെട്ടേറ്റത്. കൊലപാതക വിവരം പുറത്തു വന്നു മുക്കാല്‍ മണിക്കൂറിനു ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷമേജിനു വെട്ടേറ്റു.
പളളൂരിനു മൂന്നു കിലോമീറ്റര്‍ അകലെ ന്യൂ മാഹി കല്ലായി റോഡില്‍ വച്ചായായിരുന്നു ആക്രമണം. വീട്ടിലേക്ക് ഓട്ടോറിക്ഷ ഓടിച്ചു പോകുംവഴി ഒരു സംഘം തടഞ്ഞുവച്ചു വെട്ടുകയായിരുന്നു. കോഴിക്കോട് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയും ചെയ്തു. രാഷ്ട്രീയ കൊലപാതകമായിട്ടാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ജനുവരി 19ന് കണ്ണവത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദാണ് ആദ്യം കൊല്ലപ്പെട്ടത്. ഒരു മാസം തികയും മുന്‍പെ ഫെബ്രുവരി 12ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബും കൊല്ലപ്പെട്ടു. ഷുഹൈബിന്റെ നിഷ്ഠൂരമായ കൊല മുന്‍പൊന്നും ഇല്ലാത്തവിധമുള്ള ചര്‍ച്ചകള്‍ സംസ്ഥാനത്ത് ഉയര്‍ത്തി. സമാധാനയോഗങ്ങളില്‍ വരെ ഏറ്റുമുട്ടലുകള്‍ തുടര്‍ന്നു. ഇപ്പോഴും കേസില്‍ സിബിഐ അന്വേഷണ കാര്യത്തിലടക്കം ആശയക്കുഴപ്പങ്ങളും വ്യവഹാരങ്ങളും തുടരുകയുമാണ്