ബംഗലൂരു:കര്‍ണാടക തെരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് കടക്കവേ, പ്രചാരണം കൊഴുപ്പിച്ച് നേതാക്കളുടെ വാദപ്രതിവാദങ്ങള്‍ ഉച്ചസ്ഥായിലേക്ക് നീങ്ങുന്നു. ബിജെപി പ്രചാരണത്തില്‍ ഉടനീളം സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു പടി കൂടി കടന്നു. മാന്യതയുടെ പരിധി ലംഘിച്ചാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധിയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മോദി പരോക്ഷമായി താക്കീത് നല്‍കി. ഇരുവരുടെയും പേര് പറയാതെ അമ്മയോടും മകനോടും ഉപമിച്ചായിരുന്നു മോദിയുടെ മുന്നറിയിപ്പ്. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും മോദി പറഞ്ഞു.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, മോദിയെ രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിച്ച് രക്ഷപ്പെട്ട വിവാദ വ്യവസായി നീരവ് മോദിയെ ഛോട്ട മോദിയോടാണ് രാഹുല്‍ ഉപമിച്ചത്. ബിജെപി നേതാക്കളെ ഗബ്ബര്‍ സിങ് സംഘം എന്ന പേരിലും രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഇതിന് പിന്നാലെയാണ് മോദിയുടെ രോഷപ്രകടനം.വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന കോണ്‍ഗ്രസിന് ഇതില്‍ മടുപ്പ് തോന്നുന്നില്ലെയെന്ന് മോദി ചോദിച്ചു. 5000 കോടി രൂപയുടെ നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസില്‍ സോണിയഗാന്ധിയും രാഹുല്‍ ഗാന്ധിയും ജാമ്യത്തില്‍ പുറത്തിറങ്ങി നടക്കുന്നതും മോദി പരാമര്‍ശിച്ചു.
മാന്യതയുടെ പരിധി ലംഘിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. പൊതുവേദിയില്‍ പരിധി ലംഘിച്ചുളള പെരുമാറ്റവുമായി മുന്നോട്ടുപോകാനാണ് അമ്മയും മകനും ആഗ്രഹിക്കുന്നതെങ്കില്‍ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചതിനെ കുറിച്ച് വിശദമാക്കാന്‍ ഇരുവരും തയ്യാറാകേണ്ടി വരും. എന്തിന് ഇരുവര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു . അമ്മയ്ക്കും മകനുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ എന്തെല്ലാമാണ് . ഇക്കാര്യങ്ങള്‍ എല്ലാം വിശദമാക്കാന്‍ മോദി ആവശ്യപ്പെട്ടു.