സ്റ്റോക്കോം: ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഈ വര്‍ഷം സാഹിത്യത്തിന് നൊബേല്‍ നല്‍കില്ലെന്ന് സ്വീഡിഷ് അക്കാദമി. അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അംഗത്തിന്റെ ഭര്‍ത്താവിനെതിരെയാണ് ലൈംഗിക ആരോപണം ഉയര്‍ന്നത്.
ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പിലൂടെയാണു സ്വീഡിഷ് അക്കാദമി തീരുമാനം പുറത്തുവിട്ടത്. ഇതിന് മുന്‍പ് 1943ല്‍ മാത്രമാണ് സാഹിത്യ നൊബേല്‍ നല്‍കാതിരുന്നത്. രണ്ടാം ലോക മഹായുദ്ധമായിരുന്നു കാരണം.
‘സ്വീഡിഷ് അക്കാദമിയിലുണ്ടായ പ്രശ്നങ്ങള്‍ നൊബേല്‍ പുരസ്‌കാരത്തെ തെറ്റായി ബാധിച്ചു. സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ചും നൊബേല്‍ പുരസ്‌കാരത്തിന്റെ ദീര്‍ഘകാല ഖ്യാതിയും പരിഗണിച്ചാണ് നടപടി’ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മറ്റു പുരസ്‌കാരങ്ങളെ ഈ തീരുമാനം ബാധിക്കില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ലൈംഗിക വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അക്കാദമിയിലെ 18 അംഗ കമ്മിറ്റിയില്‍ ഏഴുപേരെ സസ്പെന്‍ഡ് ചെയ്തത് വലിയ നാണക്കേടയായി മാറിയിരിക്കുകയാണ്. അതിനു പിന്നാലെ പുരസ്‌കാര ദാനം വേണ്ടെന്ന വയ്ക്കേണ്ട തീരുമാനമെടുത്തത് നാണക്കേടിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.