തിരുവനന്തപുരം: കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ വിദേശവനിത ലിഗയുടെ സഹോദരി ഇലിസ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. വിഷമഘട്ടത്തില്‍ സര്‍ക്കാരില്‍നിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചെന്ന് അവര്‍ പറഞ്ഞു. എന്നിട്ടും ചില മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണം വന്നതില്‍ അതിയായ ദുഃഖമുണ്ട്. അതിനു ക്ഷമ ചോദിക്കാന്‍ കൂടിയാണു താന്‍ വന്നതെന്നും ഇലിസ് പറഞ്ഞു.
ലിഗയുടെ മരണത്തില്‍ സര്‍ക്കാരിനു സാധ്യമായതെല്ലാം ചെയ്യുമെന്നു മുഖ്യമന്ത്രി പ്രതികരിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയായതിനാല്‍ ലിഗയുടെ മൃതദേഹം വ്യാഴാഴ്ച തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും. ടൂറിസം വകുപ്പ് മുന്‍കൈയെടുത്ത് മേയ് ആറിന് ഞായറാഴ്ച നിശാഗന്ധിയില്‍ ലിഗ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. അടുത്ത ആഴ്ച ഇലിസ് തിരികെ ലാത്വിയയിലേക്കു പോകും. ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കയ്യില്‍ കിട്ടിയിട്ടില്ലെന്നും ഇലിസ് പറഞ്ഞു. സംസ്‌കാരത്തിനുശേഷം ചിതാഭസ്മം ലാത്വിയയിലേക്കു കൊണ്ടുപോയി സൂക്ഷിക്കാനാണു തീരുമാനം.