ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലെ നാരായണി ഗസ്റ്റ് ഹൗസ് പൊളിച്ചു നീക്കുന്നതിന് നേതൃത്വം വഹിക്കാനെത്തിയ ഉദ്യോഗസ്ഥയെ വെടിവച്ചുകൊന്ന സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ജസ്റ്റിസ് മദന്‍ ബി.ലോക്കുറും ദീപക് ഗുപ്തയും അടങ്ങിയ ബെഞ്ച് വിഷയത്തെ ‘അതീവ ഗുരുതരം’ എന്നു ആരോപിച്ചതിനൊപ്പം ഷെയ്ല്‍ ബാലയെ വെടിവെച്ചു കൊലപ്പെടുത്തിയ നാരായണ ഗസ്റ്റ് ഹൗസ് ഉടമസ്ഥന്‍ വിജയ് താക്കൂറിന്റെ പ്രവൃത്തി കോടതി വിധിക്കെതിരെയുള്ള അവഗണന ആണെന്നും സൂചിപ്പിച്ചു.
സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ജനങ്ങളെ വധിക്കാനാണ് പദ്ധതിയെങ്കില്‍ ഉത്തരവുകള്‍ നല്‍കുന്നത് അവസാനിപ്പിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. അനവധി ആളുകളാണ് കോടതി ഉത്തരവുകള്‍ ലംഘിക്കുന്നത്. എന്നിട്ടും എന്തു കൊണ്ടാണ് പൊലീസ് നടപടിയെടുക്കാത്തത്. ഉദ്യോഗസ്ഥയും സംഘവും നിയമനടപടി നടപ്പാക്കുന്നതിനു പോയപ്പോള്‍ 160 പൊലീസുകാരാണ് ഇവരുടെ കൂടെയുണ്ടായിരുന്നത്. അക്രമം നടന്ന അവസരത്തില്‍ ഇവര്‍ എന്തു ചെയ്യുകയായിരുന്നുവെന്നും സുപ്രീം കോടതി ചോദിച്ചു.
അനുയോജ്യ ബെഞ്ചിലേക്ക് വിടുന്നതിനായി കേസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ മുമ്പില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.
കസൗലിയില്‍ കോടതി ഉത്തരവ് നടപ്പിലാക്കാന്‍ വന്നതാണ് ഷെയ്ല്‍ ബാല ശര്‍മ്മ എന്ന് നിരീക്ഷിച്ച ബെഞ്ച്, ഇത്തരത്തില്‍ ആളുകളെ കൊലപ്പെടുത്തുകയാണെങ്കില്‍ പുതിയ ഉത്തരവുകള്‍ പ്രഖ്യാപിക്കുക പോലും ചെയ്യില്ലെന്ന് പറഞ്ഞു. ദീപക് മിശ്രയോട് വിഷയം നാളെ തന്നെ പരിഗണിക്കണമെന്ന് ബെഞ്ച് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.
അനധികൃത കെട്ടിടം പൊളിച്ചു മാറ്റുന്നത് സംബന്ധിച്ചു നടന്ന വാക്കു തര്‍ക്കത്തിനൊടുവില്‍ താക്കൂര്‍, ഷെയ്ലയെ പിന്തുടര്‍ന്ന് ചെന്നു കൊലപ്പെടുത്തുകയായിരുന്നു. ഷെയ്ലയ്ക്കുനേരെ മൂന്നു തവണ ഇയാള്‍ വെടിവച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഷെയ്ലയെ ഉടനെ തന്നെ ധര്‍മപുര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുന്‍പ് തന്നെ മരിച്ചിരുന്നു. ഒളിവിലായ പ്രതിയെ പറ്റിയുള്ള വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്കു ഒരു ലക്ഷം രൂപ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.