അഗര്‍ത്തല: തൊഴിലില്ലായ്മ പരിഹരിക്കാന്‍ മുറുക്കാന്‍ കട തുടങ്ങാന്‍ യുവാക്കളെ ഉപദേശിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്കുമാര്‍. വിദ്യാസമ്പന്നരായ യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കുവേണ്ടി രാഷ്ട്രീയക്കാരുടെ പിന്നാലെ നടക്കാതെ മുറുക്കാന്‍ കടകള്‍പോലുള്ള സ്വയം തൊഴിലുകള്‍ കണ്ടെത്തണം. ജീവിതത്തിലെ വിലയേറിയ സമയമാണ് സര്‍ക്കാര്‍ ജോലിക്കായി രാഷ്ട്രീയക്കാരുടെ പിന്നാലെ നടന്നുകളയുന്നത്. ഈ സമയം മുറുക്കാന്‍ കടയോ മറ്റോ തുടങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ അഞ്ച് ലക്ഷം രൂപയെങ്കിലും ബാങ്ക് അക്കൗണ്ടില്‍ ഉണ്ടാകുമായിരുന്നെന്നും ബിപ്ലവ് പറഞ്ഞു. ത്രിപുര വെറ്റനറി കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുറുക്കാന്‍ കട, പാല് വില്‍പ്പന തുടങ്ങി വിവിധ സ്വയംതൊഴിലുകള്‍ക്ക് പ്രധാനമന്ത്രി മുദ്രാ പദ്ധതിപോലുള്ള സ്‌കീമുകളില്‍നിന്നും വായ്പ ലഭിക്കും. എല്ലാ വീടുകളിലും ഒരു പശു വീതം ഉണ്ട്. ഒരു ലിറ്റര്‍ പാലിന് 50 രൂപ ലഭിക്കും. തൊഴിലില്ലാത്ത യുവാക്കള്‍ 10 വര്‍ഷം പാല്‍ കച്ചവടം നടത്തിയിരുന്നെങ്കില്‍ അവരുടെ ബാങ്ക് അക്കൗണ്ടില്‍ 10 ലക്ഷം രൂപ ഇപ്പോഴുണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.