കനയ്യ കുമാര്‍ സി.പി.ഐ ദേശീയ കൗണ്‍സിലില്‍; കേരളത്തില്‍ നിന്ന് 15 പേര്‍, പന്ന്യന്‍ രവീന്ദ്രന്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷന്‍

കൊല്ലം: ജെ.എന്‍.യു മുന്‍വിദ്യാര്‍ഥിയും സമരനേതാവുമായി കനയ്യ കുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍. കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ് കനയ്യ കുമാറിനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയത്. പാര്‍ട്ടി കോണ്‍ഗ്രസ് 125 അംഗ ദേശീയ കൗണ്‍സിലിനെ തെരഞ്ഞെടുത്തു. 15 പേരാണ് കേരളത്തില്‍ നിന്ന് ദേശീയ കൗണ്‍സിലിലുള്ളത്. പന്ന്യന്‍ രവീന്ദ്രന്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷനാകും.

അതേസമയം സി.ദിവാകരനെ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. സി.ദിവാകരനെ കൂടാതെ സി.എന്‍.ചന്ദ്രന്‍, സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍, സി.എന്‍.ജയദേവന്‍ എന്നിവരെയും ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ദേശിയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്ന് പുതുതായി അഞ്ച് പേരെ ഉള്‍പ്പെടുത്തി. കെ പി രാജേന്ദ്രന്‍, എന്‍ അനിരുദ്ധന്‍, പി വസന്തം, എന്‍ രാജന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. മഹേഷ് കക്കത്തിനെ കാന്‍ഡിഡേറ്റ് മെമ്പറായി ഉള്‍പ്പെടുത്തി.

ആരുടെയും സഹായത്തോടെ തുടരാനില്ലെന്ന് സി. ദിവാകരന്‍ പറഞ്ഞിരുന്നു. തനിക്ക് ഗോഡ്ഫാദറില്ല, അതാണ് തന്റെ കുഴപ്പമെന്നും ദിവാകരന്‍ പറഞ്ഞു. നടപടിയിലെ അതൃപ്തി വ്യക്തമാക്കി കേരളത്തില്‍ നിന്നുള്ള പ്രതിനിധി യോഗത്തില്‍ നിന്നും ദിവാകരന്‍ വിട്ടുനിന്നു. സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയവരില്‍ രണ്ടുപേര്‍ ഇസ്മായില്‍ പക്ഷക്കാരാണ്. പുതിയതായി ഉള്‍പ്പെടുത്തിയവര്‍ എല്ലാം കാനം പക്ഷക്കാരാണ്.

എന്നാല്‍ സി.ദിവാകരനെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതില്‍ വിഭാഗീയതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഏകകണ്ഠമായ തീരുമാനമായിരുന്നു അത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പാനലില്‍ 20 ശതമാനം പുതുമുഖങ്ങളായിരിക്കണമെന്ന് പാര്‍ട്ടിയുടെ ചട്ടമുണ്ട്. അതുപ്രകാരമാണ് ഇപ്പോഴത്തെ തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പട്ടികയില്‍ ഇനി മാറ്റമുണ്ടാകില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7