തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ വിദേശ വനിത ലിഗയുടെ സഹോദരി ഇല്‍സയും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രുവും മുഖ്യമന്ത്രിയുടെ ഓഫീസിലോ നിയമസഭയിലോ എത്തി തന്നെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തെറ്റെന്നു ജ്വാല ഫൗണ്ടേഷന്‍ സ്ഥാപക അശ്വതി നായര്‍. ഇല്‍സ, ആന്‍ഡ്രൂസ് എന്നിവരോടൊപ്പം മുഖ്യമന്ത്രിയെ കാണാന്‍ ഭഗീരഥ ശ്രമം നടത്തിയതായും അശ്വതിനായര്‍ പറയുന്നു.
ലിഗയെ കാണാതായ അന്നു മുതല്‍ നിഴല്‍ പോലെ കൂടെ നിന്നതു താനാണ്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചിരുന്നു. അശ്വതി ആദ്യം ശ്രമിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനെ ബന്ധപ്പെടാനാണ്. അദ്ദേഹം സുഖമില്ലാതെ ഓഫീസില്‍ വരാതിരുന്നതുകൊണ്ടു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നല്‍കുന്ന പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായി ബന്ധപ്പെട്ടു. മാര്‍ച്ച് 22നു മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഫോണ്‍ നന്പറില്‍ വിളിച്ചു. നിയമസഭ നടക്കുന്ന സമയമായതിനാല്‍ പിറ്റേ ദിവസം രാവിലെ നിയമസഭയില്‍ വരാന്‍ നിര്‍ദേശിച്ചു.
തുടര്‍ന്നു ഞങ്ങള്‍ മൂന്നു പേരും കൂടി 23നു രാവിലെ ഒന്‍പതു മുതല്‍ അദ്ദേഹത്തെ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ല. പത്തുമണിയോടെ നിയമസഭാ പരിസരത്തെത്തി. നിയമസഭയില്‍ കയറാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇല്‍സയും ആന്‍ഡ്രുവും മുഖ്യമന്ത്രിയുടെ ഓഫീസിലോ വീട്ടിലോ എത്തിയില്ല എന്നതു സാങ്കേതികമായി ശരിയാണ്. അവരെ അകത്തേയ്ക്കു പ്രവേശിക്കാന്‍ സമ്മതിച്ചില്ലെന്നാണു ശരിയെന്നും അശ്വതി പറയുന്നു.