അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച യൂസഫ് പത്താനും റാഷിദ് ഖാനും വിജയം കൊണ്ടുവരുമെന്ന് തോന്നിച്ചെങ്കിലും അവസാന പന്തില്‍ നേടേണ്ടിയിരുന്ന 6 റണ്‍സ് നേടാന്‍ കഴിയാതെ ഹൈദരാബാദ് തോല്‍വിവഴങ്ങി
ഐപിഎലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സവിരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന് 4 റണ്‍സിന്റെ വിജയം. 183 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് പൊരുതിക്കളിച്ചെങ്കിലും 4 റണ്‍സ് അകലെ വീണു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച യൂസഫ് പത്താനും റാഷിദ് ഖാനും വിജയം കൊണ്ടുവരുമെന്ന് തോന്നിച്ചെങ്കിലും അവസാന പന്തില്‍ നേടേണ്ടിയിരുന്ന 6 റണ്‍സ് നേടാന്‍ കഴിയാതെ ഹൈദരാബാദ് തോല്വി വഴങ്ങി.
ഒരു ഘട്ടത്തില്‍ കൈന്‍ വില്യംസണും യൂസഫ് പത്താനും ഹൈദരാബാദിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും 84 റണ്‍സെടുത്ത് കിവീസ് താരം പുറത്തായതോടെ ടീം പരുങ്ങലിലായി. എന്നാല്‍ വമ്പന്‍ അടികളുമായി യൂസഫ് പത്താനും പ്രതീക്ഷ ഉയര്‍ത്തി. എന്നാല്‍ 45 റണ്‍സെടുത്ത് നില്‍ക്കെ യൂസഫ് പുറത്തായത് ഹൈദരാബാദിന് കനത്ത തിരിച്ചടിയായി.
നേരത്തേ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 182 റണ്‍സ് നേടിയത്. അമ്പാട്ടി റായിഡുവിന്റെ 79 റണ്‍സിന്റെ മികവിലാണ് ചെന്നൈ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 37 പന്തില്‍ നിന്നാണ് അദ്ദേഹം 79 റണ്‍സ് നേടിയത്.
9 റണ്‍സെടുത്ത ഷൈന്‍ വാട്ട്‌സണ്‍ തുടക്കത്തിലേ പുറത്തായി. പിന്നാലെ 11 റണ്‍സെടുത്ത ഡൂ പ്ലെസിസും കൂടാരം കയറി. എന്നാല്‍ പിന്നീട് സുരേഷ് റെയ്‌നയും റായിഡുവും റണ്‍വേട്ടയ്ക്ക് വേഗം കണ്ടെത്തി.