പ്രേമം ഇനി ഹിന്ദിയില്‍… അര്‍ജ്ജുന്‍ കപൂര്‍ നായകന്‍

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം ഹിന്ദിയിലേക്ക് റീമെയ്ക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ബോളിവുഡ് ലൈഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രേമത്തിന്റെ ഹിന്ദി പതിപ്പില്‍ അര്‍ജ്ജുന്‍ കപൂര്‍ നായകനായി എത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സംവിധായകന്‍ അഭിഷേക് കപൂര്‍ തിരക്കഥയുടെ അവസാനഘട്ടത്തിലാണെന്നും അര്‍ജ്ജുന്‍ കപൂറിനെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. നായികമാരെ തീരുമാനിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിവിന്‍ പോളിയെ നായകനാക്കി നാല് കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച പ്രേമം വേള്‍ഡ് വൈഡ് ബോക്സ് ഓഫീസില്‍നിന്ന് 60 കോടി രൂപ കളക്ട് ചെയ്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016ല്‍ ഈ ചിത്രം തെലുങ്കിലേക്ക് റീമെയ്ക്ക് ചെയ്തിരുന്നു. നാഗ്‌ചൈതന്യ നായകനായ തെലുങ്ക് പതിപ്പില്‍ ശ്രുതി ഹാസന്‍, മഡോണ സെബാസ്റ്റിയന്‍, അനുപമ പരമേശ്വരന്‍ എന്നിവരായിരുന്നു നായികമാര്‍.

പ്രേമത്തിന്റെ ഹിന്ദി യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ അര്‍ജ്ജുന്‍ കപൂര്‍ അഭിനയിക്കുന്ന രണ്ടാമത്തെ ദക്ഷിണേന്ത്യന്‍ റീമെയ്ക്ക് ചിത്രമായിരിക്കുമിത്. നിലവില്‍ അര്‍ജ്ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമെയ്ക്ക് അര്‍ജ്ജുന്‍ കപൂര്‍ ഫൈനലൈസ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ പ്രേമത്തിന്റെ തമിഴ് റീമെയ്ക്ക് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നപ്പോള്‍ തമിഴ് പ്രേക്ഷകര്‍ തന്നെ സിനിമയെ നശിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെ അല്‍ഫോണ്‍സ് പുത്രന്‍ ഈ ശ്രമം ഉപേക്ഷിക്കുകയും ചെയ്തു.

അല്‍ഫോണ്‍സ് പുത്രന്റെ തമിഴ് ചിത്രം അണിയറയില്‍ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് പ്രേമം ഹിന്ദിയിലേക്ക് റീമെയ്ക്ക് ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കാളിദാസ് ജയറാമാണ് അല്‍ഫോണ്‍സ്പുത്രന്റെ തമിഴ് പ്രോജക്ടിലെ നായകന്‍

pathram:
Related Post
Leave a Comment